കോഴിക്കോട്: ബൈക്ക് യാത്രികരായ യുവ ദമ്പതികൾക്ക് നേരെ കോഴിക്കോട് നഗരത്തിൽ ആക്രമണം. രണ്ട് ബൈക്കിലായി പിന്തുടർന്നെത്തിയവർ ഭാര്യയെ ശല്യപ്പെടുത്തി. ഇത് ചോദ്യം ചെയ്‌തതിന് ഭർത്താവിനെ മർദ്ദിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കോഴിക്കോട് നഗരത്തിൽ ക്രിസ്‌ത്യൻ കോളേജിന് സമീപം ട്രാഫിക് സിഗ്നലിൽ വച്ചാണ് സംഭവമുണ്ടായത്. സിനിമ കഴിഞ്ഞ് മടങ്ങി വരികയായിരുന്നു ദമ്പതികൾ.
രണ്ട് ബൈക്കിലായെത്തിയ അഞ്ചംഗ സംഘമാണ് യുവതിയെ ശല്യപ്പെടുത്തിയത്. ‘‘കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. ഭാര്യയും ഞാനും സിനിമ കണ്ട ശേഷം ഭക്ഷണം കഴിക്കാനായി നഗരത്തിലേക്കു പോകുകയായിരുന്നു. ഈ സമയത്തു 2 സ്കൂട്ടറുകളിലായി 5 യുവാക്കൾ വന്നു. ഞങ്ങളെ കളിയാക്കുന്ന പോലെ അവർ പാട്ടുപാടി. ഭാര്യയെ കണ്ണിറുക്കി കാണിച്ചപ്പോൾ ഞാൻ ചോദ്യം ചെയ്തു. അപ്പോൾ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ എന്നെ വന്നു തല്ലി. മോശമായ വാക്കുകൾ ഉപയോഗിച്ചു ഞങ്ങളോടു കയർത്തു സംസാരിച്ചു.
യാതൊരു പ്രകോപനവും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്തിനാണ് മർദിച്ചതെന്നു ഇപ്പോഴും അറിയില്ല. മഴ പെയ്യുന്നതിനാൽ ഞങ്ങൾക്കു ആക്രമണത്തിന്റെ വിഡിയോ എടുക്കാൻ പറ്റിയില്ല. മുൻപരിചയമൊന്നും ഇല്ലാത്തവരാണ് ആക്രമിച്ചത്. ഇവർ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. ഹെൽമറ്റ് ഇട്ടിരുന്നതിനാൽ അതിനിടയിൽക്കൂടിയാണ് മുഖത്തടിച്ചത്. കുടുംബവുമൊത്തു പുറത്തുപോകാൻ പറ്റാത്ത അവസ്ഥയാണ്. ഉടനെ തന്നെ വണ്ടിയുടെ നമ്പർ ഉൾപ്പെടെ നടക്കാവ് പൊലീസിനു പരാതി നൽകി. പക്ഷേ നടപടിയൊന്നും ആയിട്ടില്ല.’’– അശ്വിൻ വ്യക്തമാക്കി.നടക്കാവ് പൊലീസിലും സിറ്റി ട്രാഫിക്കിലും പരാതി നൽകിയിരുന്നു. കേസ് തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്ന് പൊലീസ് അറിയിച്ചതായാണ് യുവാവ് പറഞ്ഞത്.