കൊൽക്കത്ത : പ്ലേ ഓഫ് ടിക്കറ്റിനായുള്ള ജീവന്മരണ പോരാട്ടത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ രാജസ്ഥാൻ റോയൽസിന് മികച്ച റൺ ശരാശരിയോടെ വിജയം. ഐപിഎല്ലിലെ വേഗതയേറിയ അർദ്ധ സെഞ്ച്വറി കുറിച്ച ഓപണർ യശ്വസ്വി ജയ്സ്വാളിന്റെയും തകർത്തടിച്ച നായകൻ സഞ്ജു സാംസണിന്റെയും മികവിൽ ഒൻപത് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ റോയൽ ജയം.
കൊൽക്കത്ത ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാനായി മിന്നുന്ന പ്രകടനമാണ് യശസ്വി ജയ്സ്വാൾ കാഴ്ചവച്ചത്. നേരിട്ട 13-ാം പന്തിൽ ജയ്സ്വാൾ അർധസെഞ്ചുറി തികച്ചു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയാണിത്. യശസ്വി ജയ്സ്വാൾ ആദ്യ ഓവറിൽ നിതീഷ് റാണയ്ക്കെതിരേ അടിച്ചുകൂട്ടിയത് 26 റൺസാണ്.
ജോസ് ബട്ട്ലർ (0) റൺ ഔട്ടായത് മാത്രമാണ് രാജസ്ഥാന്റെ ഏക നഷ്ടം. ബട്ട്ലറിനു പിന്നാലെ ക്രിസിലെത്തിയ നായകൻ സഞ്ജു സാംസൺ 29 പന്തിൽ 48 റൺസുമായി പുറത്താകാതെ നിന്നു. 47 പന്തിൽ പുറത്താകാതെ ജയ്സ്വാൾ അഞ്ച് സിക്സും 13 ഫോറും ഉൾപ്പെടെ 98 റൺസെടുത്തു. പന്ത് ബൗഡറി കടത്തിയാണ് ജയ്സ്വാൾ വിജയം ആഘോഷിച്ചത്. ഇതോടെ 13.1 ഓവറിൽ രാജസ്ഥാൻ 151 റൺസിലെത്തി.
അർധസെഞ്ചുറി നേടിയ വെങ്കിടേഷ് അയ്യറിന്റെ കരുത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പൊരുതാനുള്ള സ്കോർ കണ്ടെത്തിയത്. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടാനേ കൊൽക്കത്ത യ്ക്കു കഴിഞ്ഞുള്ളൂ.ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ആദ്യം തരംഗമായത് രാജസ്ഥാന്റെ പേസർ ട്രെന്റ് ബോൾട്ട്. കൊൽക്കത്ത ഓപ്പണർമാരായ ജേസൺ റോയ് (10), റഹ്മനുള്ള ഗുർബാസ് (18) എന്നിവരെ ട്രെന്റ് ബോൾട്ട് ആദ്യ അഞ്ച് ഓവറിനുള്ളിൽ മടക്കി.
മൂന്നാം നന്പറായി ക്രീസിലെത്തിയ വെങ്കിടേഷ് അയ്യർ (42 പന്തിൽ 57) കൊൽക്കത്ത യെ ഒറ്റയ്ക്ക് മുന്നോട്ടു നയിച്ചു. നാല് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു വെങ്കിടേഷ് അയ്യറിന്റെ ഇന്നിംഗ്സ്. 17 പന്തിൽ 22 റൺസ് നേടിയ ക്യാപ്റ്റൻ നിതീഷ് റാണയാണ് കൊൽക്കത്ത ഇന്നിംഗ്സിൽ ശോഭിച്ച മറ്റൊരു ബാറ്റർ. രാജസ്ഥാനുവേണ്ടി യുസ്വേന്ദ്ര ചാഹൽ നാലും ട്രെന്റ് ബോൾട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി. ചാഹൽ ഐപിഎല്ലിലെ മികച്ച വിക്കറ്റു വേട്ടക്കാരൻ എന്ന സ്ഥാനം ബ്രാവോയിൽ നിന്നും കവർന്നു. ജയത്തോടെ രാജസ്ഥാൻ 12 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. പത്ത് പോയിന്റുള്ള കൊൽക്കത്ത ഏഴാം സ്ഥാനത്താണ്.