വേൾഡ് സ്പൈസസ് കോൺഗ്രസ് ഫെബ്രുവരി 16 മുതൽ മുംബൈയിൽ

ജി20 രാജ്യങ്ങളിൽ പുതിയ വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി വേൾഡ് സ്പൈസ് കോൺഗ്രസ്. പതിനാലാമത് വേൾഡ് സ്പൈസ് കോൺഗ്രസ് ഫെബ്രുവരി 16 മുതൽ 18 വരെ മുംബൈയിൽ വച്ച് നടക്കും. ജി20 രാജ്യങ്ങളുടെ കൂട്ടായ്മയുടെ മേധാവിത്വം ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെയാണ് വേൾഡ് സ്പൈസ് കോൺഗ്രസ് നടക്കുന്നത്. സമ്മേളനത്തിൽ പ്രമുഖ നയരൂപകർത്താക്കൾ, റെഗുലേറ്ററി അതോറിറ്റികൾ, സുഗന്ധവ്യഞ്ജന അസോസിയേഷനുകൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം പ്രമുഖ ജി20 രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും  പങ്കെടുക്കും.

കോവിഡ് മഹാമാരിക്ക് ശേഷം സുഗന്ധവ്യഞ്ജന വ്യാപാര മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളും  പുതിയ പ്രവണതകളും ചർച്ചചെയ്യാനും മുന്നോട്ടുള്ള വഴി ഒരുമിച്ച് നിശ്ചയിക്കാനുമുള്ള  വേദി കൂടിയാകും വേൾഡ് സ്പൈസ് കോൺഗ്രസ്. ജി20 രാജ്യങ്ങൾക്കിടയിൽ സുഗന്ധവ്യഞ്ജന വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യകേ ബിസിനസ് സെഷനുകളും സമ്മേളനത്തിലുണ്ട്.

ഭാരത സർക്കാർ പിന്തുണയോടെ നടത്തുന്ന  വേൾഡ് സ്പൈസ് കോൺഗ്രസ്  മുൻ പതിപ്പുകളെ അപേക്ഷിച്ച് വൈവിധ്യപൂർണ്ണമായിരിക്കും. വിവിധ സംസ്ഥാനങ്ങൾക്കും ഉല്പന്നങ്ങൾക്കും പ്രത്യേക പവലിയനുകൾ ഒരുക്കിയിട്ടുണ്ട്.  ആഗോള സുഗന്ധവ്യഞ്ജന കൂട്ടായ്മയെ നേരിൽ കാണാനും ഇന്ത്യൻ ബ്രാൻഡുകളെ കൂടുതൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുവാനും സമ്മേളനം അവസരം നൽകും.

സിഡ്കോ ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന സമ്മേളനത്തിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയൽ, വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ എന്നിവർ സംബന്ധിക്കും. സുഗന്ധവ്യവ്യഞ്ജനങ്ങളുടെ കയറ്റുമതിയിൽ മികവിനുള്ള ട്രോഫികളും അവാർഡുകളും ചടങ്ങിൽ മന്ത്രി പിയുഷ് ഗോയൽ വിതരണം ചെയ്യും. 

മഹാമാരിയുടെ ഫലമായി ആഗോളതലത്തിൽ സുഗന്ധവ്യഞ്ജനങ്ങളുടെ ആരോഗ്യഗുണങ്ങളേയും പ്രതിരോധശേഷി വർധന ശേഷിയെക്കുറിച്ചുമുള്ള അവബോധം വർദ്ധിച്ചിട്ടുണ്ട്.  ഈ മേഖലയിലെ സാധ്യകളെക്കുറിച്ച് കൂടുതൽ പഠിക്കാൻ വേൾഡ് സ്പൈസ് കോൺഗ്രസ് വേധിയൊരുക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *