ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം ആർക്കെന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുമെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ. കോണ്‍ഗ്രസിന് ഭരണം നേടിക്കൊടുക്കുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കിയ ഡി.കെ.ശിവകുമാർ, ഡൽഹിക്ക് പോകുമെന്ന തീരുമാനം പരസ്യമായി പ്രഖ്യാപിച്ചു.
‘‘കോൺഗ്രസ് അധ്യക്ഷൻ വിളിച്ചു. കിട്ടുന്ന വിമാനത്തിൽ ഡൽഹിയിൽ േപാകും. കർണാടകയിൽ ഭരണം നേടിക്കൊടുക്കുമെന്ന് സോണിയയ്ക്കു നൽകിയ വാക്ക് പാലിച്ചു. ഇന്ന് എന്റെ ജന്മദിനമാണ്. ഞാൻ എന്റെ കുടുംബത്തെ കാണും. അതിനുശേഷം ഡൽഹിയിലേക്ക് പോകും. മുഖ്യമന്ത്രിയെ നിയമിക്കുന്നത് പാർട്ടി ഹൈക്കമാൻഡിന് വിടണമെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു’’– ഒപ്പമുള്ള എംഎൽഎമാർ വിട്ടുപോയപ്പോഴും താൻ തളർന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ട് അനുയായികള്‍ പ്രതിഷേധിച്ചു. ശിവകുമാറിന്റെ വീടിനു മുന്നിൽ മുദ്രാവാക്യം വിളികളുമായി അനുയായികൾ തടിച്ചുകൂടി. ശിവകുമാർ ഡൽഹിയിലേക്ക് തിരിച്ചതിനു പിന്നാലെയാണ് പ്രതിഷേധം. ശിവകുമാർ വൈകിട്ടോടെ ഡൽഹിയിലെത്തുമെന്നാണ് വിവരം. ഡൽഹിയിലേക്ക് േപാകുന്നില്ലെന്ന് പറഞ്ഞ ഡികെ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. അതേസമയം, കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു നേതാവിനെയും പിന്തുണയ്ക്കുന്നില്ലെന്ന് ലിംഗായത്ത് നേതാവ് എം.ബി.പാട്ടീൽ പറഞ്ഞു. ഉപമുഖ്യമന്ത്രിയാകാൻ തനിക്കും ആഗ്രഹമുണ്ട്. എല്ലാവർക്കും ആഗ്രഹങ്ങളുണ്ടാകാം. എന്നാൽ, അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ചർച്ചകള്‍ക്കായി മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ധരാമയ്യ ഡൽഹിയിലെത്തി. സർവജ്ഞ നഗറിൽനിന്ന് ജയിച്ച മലയാളി കെ.ജെ.ജോർജ് ഉൾപ്പെടെ 6 എംഎൽഎമാരും സിദ്ധരാമയ്യയ്ക്ക് ഒപ്പമുണ്ട്. സിദ്ധരാമയ്യയുമായും ശിവകുമാറുമായും ഹൈക്കമാൻഡ് ചർച്ച നടത്തുമെന്നാണ് വിവരം. കർണാടക മുഖ്യമന്ത്രിസ്ഥാനത്തേക്കു സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണ്. മുഖ്യമന്ത്രിയെ ഇന്നു രാത്രി പ്രഖ്യാപിക്കുമെന്നാണ് വിവരം.