തിരുവനന്തപുരം : രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യുഎച്ച്ഒ ഹെൽത്ത് ഫിനാൻസിംഗ് ലീഡ് ഡോ. ഗ്രേസ് അച്യുഗുരാ. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ കൂടിക്കാഴ്ചയിലും സ്റ്റേറ്റ് ഹെൽത്ത് ഏജൻസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച “അനുഭവ് സദസ്’ ദേശീയ ശിൽപശാലയിലും സംസ്ഥാനത്തെ സൗജന്യ ചികിത്സ മാതൃകാപരമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
ചെറുതും ഇടത്തരവുമായ സാമ്പത്തിക രാഷ്ട്രങ്ങളിൽ ഇത്തരം പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിന്റെ സാധ്യതകൾ ആരാഞ്ഞു. രോഗികൾക്ക് അവരുടെ സ്വന്തം കൈയിൽ നിന്നുമെടുത്തുള്ള ചികിത്സാ ചെലവ് കൂടുന്നുണ്ടോ, കുറയുന്നുണ്ടോ എന്ന് പഠനം നടത്താൻ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നതായും ലോകാരോഗ്യ സംഘടനാ പ്രതിനിധി പറഞ്ഞു.
കേരളത്തിൽ സൗജന്യ ചികിത്സാ പദ്ധതികളിലൂടെ രോഗികൾക്ക് അവരുടെ സ്വന്തം കൈയിൽ നിന്നുള്ള ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിച്ചിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷങ്ങൾ കൊണ്ട് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ 3200 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ നൽകാനായി. ഇന്ത്യയിൽ ഏറ്റവുമധികം സൗജന്യ ചികിത്സ നൽകിയതിന് കേരളത്തിന് ദേശീയ ആരോഗ്യ ഉത്കൃഷ്ട പുരസ്കാരം ലഭിച്ചിരുന്നു.