ഫോൺ ഉപയോഗിക്കാത്ത സമയങ്ങളിൽ പോലും വാട്സ്ആപ്പ് നമ്മളറിയാതെ മൈക്രോഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തൽ. ഉപഭോക്താക്കൾക്കിടയിൽ ഈ പ്രശ്നം ഗുരുതരമായ സുരക്ഷാ, സ്വകാര്യത ആശങ്കകൾ ഉയർത്തിയതോടെ വാട്സ്ആപ്പ് തന്നെ അതിൽ പ്രതികരണവുമായി രംഗത്തുവന്നു. നമ്മൾ ഉറങ്ങുന്ന സമയത്തും വാട്‌സാപ്പിന്റെ മൈക്രോഫോൺ പ്രവർത്തിക്കുന്നുണ്ടെന്ന വിചിത്ര ട്വീറ്റുമായി ആദ്യമെത്തിയത് ട്വിറ്റർ എൻജിനീയറായ ഫോഡ് ഡാബിരിയായിരുന്നു. തെളിവായി തന്റെ പിക്സൽ ഫോണിലെ പ്രൈവസി ഡാഷ്‌ബോർഡിന്റെ സ്‌ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചിരുന്നു.
പുലർച്ചെ 4.20 മുതൽ 6.53 വരെ ബാക്ഗ്രൗണ്ടിൽ വാട്സ്ആപ്പ് ഫോണിലെ മൈക്രോഫോൺ ആക്സസ് ചെയ്തതായാണ് സ്‌ക്രീൻഷോട്ടിൽ കാണിക്കുന്നത്. ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്ക് ഡാബിരിയുടെ ട്വീറ്റിന് പ്രതികരണവുമായി എത്തിയിരുന്നു. വാട്‌സ്ആപ്പിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.സംഭവം വിവാദമായതോടെ, വാട്ട്‌സ്ആപ്പും ഗൂഗിളും ഈ ബഗിനെക്കുറിച്ച് അറിയാമെന്നും അത് ഉടനടി പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും അറിയിച്ചു. അതൊരു ബഗ് മാത്രമാണെന്നും ആപ്പ് മുഖേന ഉടമയറിയാതെ ഫോണിലെ മൈക്രോഫോൺ ആക്‌സസ്സ് ചെയ്യുന്നതല്ലെന്നും വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അവർ ഉറപ്പ് നൽകി.
മൈക്രോഫോണിന്റെ ആക്‌സസിൽ പൂർണ നിയന്ത്രണം ഉപഭോക്താക്കൾക്ക് തന്നെയാണെന്നും കോൾ റെക്കോർഡിലും വോയ്‌സ് നോട്ട്സ്, വീഡിയോ റെക്കോർ് എന്നിവയിൽ മാത്രമാണ് മൈക്ക് ആക്‌സസ് ചെയ്യാനാവൂ എന്നും പ്രസ്താവനയിലൂടെ വാട്‌സ്ആപ്പ് വെളിപ്പെടുത്തി.
