തിരുവനന്തപുരം : കൈക്കൂലി നല്കിയ അപേക്ഷകനും ഏജന്റിനുമെതിരെ പരാതി നല്കി വില്ലേജ് ഓഫീസര്‍. ശാസ്തമംഗലം വില്ലേജ് ഓഫീസര്‍ സിമിയാണ് പോലീസില്‍ പരാതി നല്‍കിയത്.
വട്ടിയൂര്‍ക്കാവ് സ്വദേശി പ്രതാപനാണ് അപേക്ഷയുമായി വില്ലേജ് ഓഫീസിലെത്തിയത്. ഓഫീസിന് മുന്നില്‍ അപേക്ഷകളെഴുതാനിരിക്കുന്നയാള് ഉദ്യോഗസ്ഥര്‍ക്കെന്ന പേരില്‍ ഇയാളില്‍നിന്ന് കൈക്കൂലി വാങ്ങുകയായിരുന്നു. പിന്നീട് പ്രതാപന് തന്നെ ഇക്കാര്യം വില്ലേജ് ഓഫീസറെ അറിയിച്ചു.
കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റായതിനാല്‍ ഇരുവരെയും പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍ പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ പോലീസ് പ്രതാപന്റെ മൊഴിയെടുത്തു. വില്ലേജ് ഓഫീസറുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.