പറവൂർ : വടക്കൻ പറവൂരിൽ ചെറിയപല്ലൻതുരുത്ത് പുഴയിൽ വീണു കാണാതായ മൂന്ന് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഓട്ടോ ഡ്രൈവറായ പല്ലംതുരുത്ത് മരോട്ടിക്കൽ ബിജുവിന്റെയും കവിതയുടെയും മകൾ ശ്രീവേദ (10) ആണ് മരിച്ചത്. രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് തെരച്ചിൽ.
പറവൂർ മന്നം സ്വദേശിയായ അഭിനവ് (12), തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ശ്രീരാഗ് (12) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഉച്ചക്ക് ശേഷം കളിക്കാനിറങ്ങിയ കുട്ടികളുടെ സൈക്കിളും തുണികളും പുഴയുടെ സമീപം ഇരിക്കുന്നത് കണ്ട് നാട്ടുകാരാണ് കുട്ടികൾ എവിടെയെന്ന് തിരക്കിയത്. പിന്നീടാണ് കുട്ടികളെ കാണാതായ വിവരം വീട്ടുകാരും അറിയുന്നത്. ഇതിലൊരു കുട്ടിയുടെ വീട് തൃശൂരാണ്. അവധിക്ക് ബന്ധു വീട്ടിൽ വന്നതാണ്.
നീന്തലറിയാവുന്ന ഇവർ ഇവിടെ ഏറെ നേരം നീന്തികളിച്ചിരുന്നു. തട്ടുകടവ് പാലത്തിന് താഴെയായതിനാൽ സാധാരണ ആരും ഇവിടെ ഉണ്ടാവാറില്ല. അതിനാൽ അപകടമുണ്ടായതും കുട്ടികൾ മുങ്ങി പോയതും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ആഴമേറിയ പുഴയ്ക്ക് നാലാൾ താഴ്ചയെങ്കിലുമുണ്ടാകും. ഒഴുക്കും കൂടുതലാണ്. ഉപ്പുള്ള മലിനജലമായതിനാൽ പലരും ഇവിടെ കുളിക്കാറില്ല.