പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

ന്യൂഡല്‍ഹി : പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിന് തുടക്കമായി. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് പുതിയ മന്ദിരത്തിനു പുറത്ത് നടന്ന പുജ, ഹോമ ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംബന്ധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു പൂജ. 

പൂർണകുംഭം നൽകി പുരോഹിതർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ലോക്സഭ സ്പീക്കർ ഓം ബിർലയും പൂജാ ചടങ്ങുകളിൽ സംബന്ധിച്ചു. ഇതിനുശേഷം ഇന്നലെ തലസ്ഥാനത്തെത്തിച്ച ചെങ്കോലിൽ പ്രധാനമന്ത്രി നമസ്കരിച്ചു. തിരുവാവടുതുറൈ പുരോഹിതർ ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി.  ചെങ്കോൽ പ്രാർത്ഥനാപൂർവം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം സ്ഥാപിച്ചു.

ലോക്സഭ ഹാളിൽ പ്രധാനമന്ത്രി നിലവിളക്കു തെളിയിച്ചു. തുടർന്ന് നരേന്ദ്രമോദി ശിലാഫലകം ഉദ്ഘാടനം ചെയ്തു. പാർലമെന്റ് നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ട തൊഴിലാളികളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പ്രധാനമന്ത്രി ഷാൾ അണിയിച്ച് ആദരിച്ചു. ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവർ പങ്കെടുത്തു. ഇതിനു ശേഷം സർവമത പ്രാർത്ഥന. 

സർവമത പ്രാർത്ഥനയ്ക്ക്ശേഷം പ്രധാനമന്ത്രി മടങ്ങും. തുടര്‍ന്ന് ഉച്ചയ്ക്ക് 12ന് പ്രധാനമന്ത്രി വീണ്ടും പാര്‍ലമെന്റ് മന്ദിരത്തിലെത്തിച്ചേരും. തുടര്‍ന്ന് രാജ്യസഭാ ഉപാധ്യക്ഷന്റെ പ്രസംഗം. ഇതിനു പിന്നാലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ സന്ദേശം വായിക്കും. ഇതിനുശേഷം പാര്‍ലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദര്‍ശനവും പ്രസംഗങ്ങളും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പുതിയ 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം നടക്കും. 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *