മലപ്പുറം: താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബോട്ടുടമ നാസറിനെ റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിപില്‍ ദാസിന് മുന്‍പാകെയാണ് നാസറിനെ ഹാജരാക്കിയത്. റിമാന്‍ഡ് ചെയ്ത പ്രതിയെ തിരൂര്‍ സബ്ബ് ജയിലിലേക്ക് മാറ്റി. പ്രതിയെ കൊണ്ടു പോവുമ്പോള്‍ വലിയ ജനപ്രതിഷേധമാണ് കോടതി പരിസരത്ത് ഉണ്ടായത്. ഇയാൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു
ഇന്നലെ കസ്റ്റഡിയിലെടുത്ത നാസറിന്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് നിന്നും പിടിയിലായ നാസറിനെതിരെ ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് താനൂര്‍ സ്റ്റേഷനില്‍ എത്തിച്ചിരുന്നില്ല. നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത്. നാസറിനെ രഹസ്യ കേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്തിരുന്നത്. ബോട്ട് ഓടിച്ചിരുന്ന താനൂര്‍ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരന്‍ രാജനും ഒളിവിലാണ്. മുന്‍ ദിവസങ്ങളില്‍ അമിതമായി യാത്രക്കാരെ കയറ്റി ദിനേശന്‍ ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തില്‍ 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.