കോഴിക്കോട്: മലപ്പുറം താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഡ്രൈവർ ദിനേശൻ പോലീസിന്റെ പിടിയിൽ. താനൂരിൽ വച്ചാണ് ദിനേശന് പോലീസിന്റെ പിടിയിലായായത്. ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ബോട്ടുമ നാസറിനെ കൊലക്കുറ്റം ചുമത്തി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇയാളെ തിരൂർ സബ്ജയിലിലാണ് അടച്ചത്. അപകടത്തിനും മരണത്തിനും കാരണമാകുമെന്നു ബോധ്യമുണ്ടായിട്ടും ബോട്ട് സർവീസ് നടത്തിയതിന് ഐപിസി 302 വകുപ്പടക്കം ചുമത്തിയാണ് നാസറിനെതിരേ കേസെടുത്തത്. പ്രതിക്കായി അടുത്തദിവസം പോലീസ് കസ്റ്റഡി അപേക്ഷ നൽകും. താനൂർ ബോട്ടപകടത്തിൽ മൂന്നു പേർ കൂടി കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. താനൂർ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി നാസറിനെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അതിനിടെ താനൂരിൽ ബോട്ട് ദുരന്തം നടന്ന സ്ഥലം മനുഷ്യാവകാശ കമ്മീഷൻ ഇന്നു സന്ദർശിക്കും. കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ഇന്നു രാവിലെ 10.30 ന് താനൂരിലെത്തും.സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. മത്സ്യബന്ധന ബോട്ട് ഉല്ലാസബോട്ടായി രൂപമാറ്റം വരുത്തി അനധികൃതമായി പെർമിറ്റ് നേടിയത് ഉൾപ്പെടെ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചകളുണ്ടായതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. മലപ്പുറം ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ആലപ്പുഴ ചീഫ് പോർട്ട് സർവേയർ എന്നിവർ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.