മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ മരിച്ച ഒരുകുടുംബത്തിലെ 11 പേര്‍ക്ക് ഒന്നിച്ച് അന്ത്യയാത്ര. താനൂര്‍ ജുമാമസ്ജിദിലെ ഖബറിസ്ഥാനില്‍ കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ചാണ് ഖബര്‍ ഒരുക്കിയിരിക്കുന്നത്. താനൂര്‍ കുന്നുമ്മല്‍ സൈതലവി, സഹോദരന്‍ സിറാജ് എന്നിവരുടെ ഭാര്യമാരും മക്കളും രണ്ട് ബന്ധുക്കളും ഉള്‍പ്പടെ 11 പേരുടെ മൃതദേഹങ്ങളാണ് ഒന്നിച്ച് ഖബറടക്കുന്നത്.
പെരുന്നാൾ അവധിയോടനുബന്ധിച്ച് താനൂർ കുന്നുമ്മൽ സൈതലവിയുടെ കുടുംബവീട്ടിൽ ഒത്തുചേർന്നതായിരുന്നു ഇവർ. സഹോദരങ്ങളായ കുന്നുമ്മൽ ജാബിർ, കുന്നുമ്മൽ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരായിരുന്നു കുടുംബ വീട്ടിൽ ഒത്തു ചേർന്നത്. കുട്ടികളുടെ നിർബന്ധപ്രകാരമാണ് തൂവരൽത്തീരത്തേക്ക് പോകാൻ തീരുമാനിച്ചത്. സൈതലവിയാണ് എല്ലാവരെയും കട്ടാങ്ങലിൽ എത്തിച്ചത്. ഒരു കാരണവശാലും ബോട്ടില്‍ കയറരുതെന്നു പറഞ്ഞിരുന്നു. വീട്ടിൽ തിരിച്ചെത്തി ഭാര്യയ്ക്ക് ഫോൺ ചെയ്തപ്പോൾ നിലവിളിയാണു കേട്ടത്. സംഭവസ്ഥലത്തേക്കു പാഞ്ഞെത്തിയെങ്കിലും പ്രിയപ്പെട്ടവരുടെ വേര്‍പാട് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളു.
പരപ്പനങ്ങാടി ആവിയില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷഫല (13), ഷംന (12), ഫിദ ദില്‍ന (7), സഹോദരന്‍ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (7), റുഷ്ദ (ഒന്നര) എന്നിവരാണ് ഒരു വീട്ടില്‍നിന്ന് മരിച്ചത്. സൈതലവിയുടെ ബന്ധുക്കളായ ജല്‍സിയ (45), ജരീര്‍ (12), ജന്ന (എട്ട്) എന്നിവരാണ് മരിച്ച മറ്റു മൂന്നുപേര്‍. കുടുംബത്തിലെ പതിനഞ്ച് പേര്‍ ഒരുമിച്ചാണ് വിനോദയാത്രയ്ക്ക് പോയത്. ഇവരില്‍ മൂന്ന് പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. ഇതില്‍ ഒന്‍പത് പേര്‍ ഒരു വീട്ടിലും മൂന്ന് പേര്‍ മറ്റൊരു വീട്ടിലുമാണ് താമസിക്കുന്നത്. ഇനി കുടുംബത്തിൽ അവശേഷിക്കുന്നത് മാതാവും മൂന്ന് ആൺമക്കളും പിന്നെ പരുക്കേറ്റ സഹോദരിയും മക്കളും അടക്കം എട്ട് പേർ മാത്രം.
വീടിന് മുറ്റത്ത് പതിനൊന്ന് ആംബുലൻസുകൾ നിരനിരയായി വന്ന് നിൽക്കുമ്പോൾ തളർന്നവശനായി ഒരരികിൽ തകര്‍ന്നിരിക്കുകയായിരുന്നു കുടുംബനാഥൻ സൈതലവി. ഭാര്യയും തന്റെ നാലു കുട്ടികളും സഹോദരങ്ങളുടെ ഭാര്യയും കുട്ടികളും ഇനി ഇല്ല എന്ന വേദനയിൽ.ഓരോരുത്തരെ ആയി ഓരോ ആംബുലൻസിൽ നിന്നും വെള്ളത്തുണിയിൽ പൊതിഞ്ഞ് പുറത്തിറക്കിയപ്പോൾ കണ്ടുനിന്നവരുടെ കണ്ഠമിടറി, കണ്ണിൽ നിന്ന് ചെറുനോവായി കണ്ണുനീരൊഴുകി. പതിനൊന്നുപേരേയും പണിതീരാത്ത വീടിന്റെ തറിയിൽ കിടത്തി, പിന്നെ ഒടുവിലെ യാത്ര. കെട്ടിപ്പടുക്കുന്ന വീട്ടിന്റെ തറയിൽ പതിനൊന്നുപേരേയും കിടത്തി. ഒരുമിച്ചൊരു വീട്ടിൽ ഇനി ഒത്തു ചേരലില്ലാ എന്ന തിരിച്ചറിവോടെ യാത്ര ചൊല്ലി. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെ നിരവധി മന്ത്രിമാരും സംസ്ഥാന പോലീസ് മേധാവിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആദരാജ്ഞലി അര്‍പ്പിക്കാന്‍ ഇവിടെയെത്തിയിരുന്നു.