മലപ്പുറം : താനൂർ ഒട്ടുംപുറം പൂരപ്പുഴയിൽ തൂവൽതീരത്തിനുസമീപം സ്വകാര്യ വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. പ്രതിപക്ഷവും പങ്കെടുത്ത അവലോകന യോഗത്തിലാണ് തീരുമാനം
സംഭവത്തില്‍ മുഖ്യമന്ത്രി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ധരെകൂടി ഉള്‍പ്പെടുത്തി വിപുലമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.ചികിത്സയിലുണ്ടായിരുന്ന 10 പേരില്‍ രണ്ട് പേര് ആശുപത്രി വിട്ടു. എട്ട് പേര് ചികിത്സയില്‍ തുടരുകയാണ്. അപകടം നടന്നയുടനെ അഞ്ച് പേര് നീന്തി രക്ഷപെട്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാക്കുകള്‍കൊണ്ട് രേഖപ്പെടുത്താന്‍ കഴിയാത്ത ദുരന്തമാണ് ഉണ്ടായത്. ഇത്തരം അപകടങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ബോട്ട് അപകടത്തില്‍പ്പെട്ടവര്‍ ചികിത്സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി ആശുപത്രിയിലെത്തി സന്ദർശിച്ചു. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, ഫയര്‍ഫോഴ്സ് മേധാവി ബി. സന്ധ്യ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്