താനൂർ : 22 പേർ മരിച്ച താനൂർ അപകടത്തിൽ ബോട്ട് ഉടമയ്ക്കെതിരെ കേസെടുത്തു. ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. ഇയാൾക്കെതിരെ നരഹത്യ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഇന്നലെ രാത്രി ഏഴരയോടെ മുപ്പത്തഞ്ചിലേറെ വിനോദ സഞ്ചായരികളുമായി അറ്റ്ലാന്റിക് എന്ന ഇരുനിലയുള്ള ബോട്ട് അപകടത്തിൽപ്പെട്ടത്. തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോൾ ചരിഞ്ഞ് തലകീഴായി മറിയുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പൂർണ്ണമായും മുങ്ങിയ ബോട്ട് തല്ലിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുക്കാനായത്.
അറ്റ്ലാന്റിക് ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച കാര്യമടക്കം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. മത്സ്യബന്ധന ബോട്ട് രൂപം മാറ്റി ഉണ്ടാക്കിയതാണ് വിനോദസഞ്ചാര ബോട്ടെന്നാണ് സംശയം. യാർഡിൽ പോയി ബോട്ടിന് മാറ്റം വരുത്തിയതാണെന്നാണ് സൂചന. അറ്റ്‍ലാന്റിക് ബോട്ടിന് വിനോദസഞ്ചാരത്തിനുള്ള ബോട്ടായി ഉപയോഗിക്കാൻ ലൈസൻസ് കിട്ടിയതിൽ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്. ബോട്ട് മുങ്ങിയ സ്ഥലത്ത് എൻഡിആർഎഫ്, ഫയർഫോഴ്സ് സംഘത്തിന്റെ തെരച്ചിൽ തുടരുകയാണ്.