ബോട്ട് മുങ്ങിയത് വള്ളംകളി നടക്കുന്ന ആഴമുള്ള ഭാഗത്ത്, വേണ്ടത്ര ലൈഫ് ജാക്കറ്റുകൾ ഉണ്ടായിരുന്നില്ല

താനൂർ : 21 പേരുടെ മരണത്തിനിടയാക്കിയ വിനോദ സഞ്ചാര ബോട്ട് മുങ്ങിയത് വള്ളം കളി നടക്കുന്ന ആഴമേറിയ ഭാഗത്തെന്ന് അപകടത്തിൽ നിന്നും രക്ഷപെട്ട താനൂർ സ്വദേശി ഷഫീഖ്. ബോട്ടിൽ 40–50 യാത്രക്കാരുണ്ടായിരുന്നു. രാത്രി ഏഴു മണിയോടെയാണ് അവസാന ട്രിപ്പിനായി ബോട്ട് എടുത്തതെന്ന് ഷഫീഖ് വെളിപ്പെടുത്തി.

കരയിൽനിന്ന് അര കിലോമീറ്ററോളം പോയപ്പോഴാണ് ബോട്ട് ഒരു വശത്തേക്ക് ചരിഞ്ഞത്. ഇതോടെ ബോട്ടിലുണ്ടായിരുന്നവർ ആ വശത്തേക്ക് നീങ്ങിപ്പോയി. അവിടെ ഭാരമേറിയതോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നുവെന്ന് ഷഫീഖ് പറഞ്ഞു.ബോട്ടിൽ ഒട്ടേറെ കുട്ടികൾ ഉണ്ടായിരുന്നു. ഇവരിൽ മിക്കവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും ഷഫീഖ് വെളിപ്പെടുത്തി. വള്ളംകളി നടക്കാറുള്ള സ്ഥലത്താണ് ബോട്ട് തലകീഴായി മറിഞ്ഞത്. അവിടെ നല്ല ആഴമുണ്ടെന്നും ഷഫീഖ് പറഞ്ഞു. രണ്ടു നിലയുള്ള ബോട്ട് തലകീഴായി മറിഞ്ഞിട്ടും പൂർണമായും മുങ്ങിയെന്ന് ഷഫീഖ് പറഞ്ഞു.

ഷഫീഖിന്റെ വാക്കുകളിലൂടെ:

‘‘രാത്രി ഏഴ് – ഏഴരയോടെയാണ് ബോട്ടെടുത്തത്. പുഴയിലേക്ക് അര കിലോമീറ്റർ പോലും പോകുന്നതിനു മുൻപേ ഇടതു വശത്തേക്ക് ചെരിഞ്ഞു. അതോടെ ബോട്ടിലുണ്ടായിരുന്ന ആളുകൾ ആ വശത്തേക്കു നീങ്ങി. ഭാരം ഒരു വശത്തേക്കായതോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു. ഞങ്ങൾ റെസ്ക്യൂ പ്രവർത്തകരാണ്. മുകളിലാണ് നിന്നിരുന്നത്. അപ്പോഴാണ് ബോട്ട് മറിഞ്ഞത്. ആദ്യം സംഭവം മനസ്സിലായില്ല. ഇതിനിടെ ബോട്ട് മുങ്ങിപ്പൊങ്ങി. അപ്പോൾത്തന്നെ ഞങ്ങൾ മുകളിലുണ്ടായിരുന്ന കുറച്ചുപേരെ പിടിച്ച് തോണിയിൽ കയറ്റി.

അപകടത്തിൽപ്പെട്ട ബോട്ട് രണ്ടു നിലയായിരുന്നു. ബോട്ട് ചെരിഞ്ഞതിനു പിന്നാലെ ആളുകളുടെ ഭാരം കൂടിയാണ് ഒരു വശത്തേക്ക് മറിഞ്ഞത്. പിന്നീട് തലകീഴായിപ്പോയി. ഇതിനിടെ ഒരു ഭാഗം അടിയിൽത്തട്ടി നിന്നതിനാൽ മുകളിലുണ്ടായിരുന്ന കുറച്ചു പേരേക്കൂടി രക്ഷിക്കാൻ പറ്റി. മറ്റു ബോട്ടുകൾക്ക് ഉടൻ സ്ഥലത്തെത്താൻ‌ സാധിക്കാതിരുന്നത് പ്രശ്നമായി. ഇതിനിടെ ഈ ബോട്ടിന്റെ പിന്നാലെ വന്ന ഒരു ഹൗസ്ബോട്ട് ഉടൻ കരയിലേക്കു പോയി ആളെ ഇറക്കി തിരിച്ചുവന്നാണ് കുടുങ്ങിക്കിടന്നവരെ രക്ഷിച്ചത്. അപ്പോഴേക്കും മത്സ്യത്തൊഴിലാളികളുടെ രണ്ടു ബോട്ടുകൾ എത്തിയിരുന്നു.

പിഞ്ഞുകുഞ്ഞുങ്ങളടക്കം 8–10 പേരെ ഈ ബോട്ടിൽ കയറ്റി. മൂന്നു കുട്ടികളെയും രണ്ടു സ്ത്രീകളെയും ഞാൻ പിടിച്ചുകയറ്റി. ആ സമയത്ത് സാധ്യമായതുപോലെ സിപിആറെല്ലാം നൽകി. ഒരു കുട്ടി ഏറെക്കുറെ കൈവിട്ടതുപോലെയായിരുന്നു. ആ കുഞ്ഞിനെ സിപിആർ നൽകി തിരിച്ചുപിടിച്ചു. ബോട്ടിൽ ഏതാണ്ട് 40–50 പേരുണ്ടായിരുന്നു. കുട്ടികളുൾപ്പെടെയാണിത്. ബോട്ടിന്റെ മുകളിലുണ്ടായിരുന്ന മിക്കവരെയും തോണിയിലേക്കു പിടിച്ചുകയറ്റാൻ പറ്റി. താഴെയുണ്ടായിരുന്നവർക്കാണ് കാര്യമായ അപകടം സംഭവിച്ചത്. അവിടെ രണ്ടു വശത്തുമായി ഓരോ വാതിലുകൾ മാത്രമാണുള്ളത്. അവരെ രക്ഷപ്പെടുത്താൻ പരിമിതികളുണ്ടായിരുന്നു.

ഒന്നാമതായി അവിടെ വെളിച്ചം ഉണ്ടായിരുന്നില്ല. കരയിൽനിന്ന് പെട്ടെന്നു തോണി വരാനുള്ള സാഹചര്യവുമുണ്ടായിരുന്നില്ല. രക്ഷപ്പെടുത്തിയ കുട്ടികളെ കൈകളിലും തോളിലുമൊക്കെ വച്ചാണ് കൂടുതൽ തോണികൾ വരുന്നതുവരെ നിന്നത്. അതുകൊണ്ട് കൂടുതൽ പേരെ രക്ഷപ്പെടുത്താൻ പോകാനും സാധിച്ചില്ല. വള്ളംകളിയൊക്കെ നടക്കുന്ന സ്ഥലമാണ്. അതുകൊണ്ട് അത്യാവശ്യം ആഴമുള്ള പ്രദേശമാണ്. ഇത്രയും ഉയരമുള്ള ബോട്ട് തലകീഴായി കിടന്നിട്ടുപോലും പൂർണമായും മുങ്ങിയ അവസ്ഥയിലായിരുന്നു.

ബോട്ടിൽ കുടുങ്ങിപ്പോയവരിൽ കൂടുതൽ പേരും കുട്ടികളാണ്. അവർക്ക് അധികനേരം ശ്വാസം പിടിച്ചു കിടക്കാൻ പറ്റാത്തതും പ്രശ്നമാണ്. രക്ഷപ്പെടുത്തിയ കുട്ടികൾ പോലും ശരിക്ക് വെള്ളം കുടിച്ച അവസ്ഥയിലായിരുന്നു. ബോട്ടിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബഹളം വച്ചതോടെയാണ് പുറത്തുള്ളവർ അപകട വിവരമറിഞ്ഞത്. പുഴയ്ക്ക് വീതി കൂടുതലായതിനാൽ പുറത്തുള്ളവർക്ക് എത്താൻ ബുദ്ധിമുട്ടായിരുന്നു. ലൈഫ് ജാക്കറ്റുകളൊക്കെ കുറവായിരുന്നു. ബോട്ടിലുണ്ടായിരുന്ന കുട്ടികളിൽ അധികം പേരും ജാക്കറ്റ് ധരിച്ചിരുന്നില്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *