താനൂർ :താനൂരില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായത് വെളിച്ചക്കുറവും ഇടുങ്ങിയ വഴികളും.അപകടം സംഭവിച്ച് അധികം വൈകാതെ വെളിച്ചം മങ്ങിയത് പ്രശ്നമായി. നാട്ടുകാരും ഇവിടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ചെറിയ തോണികളിലായിരുന്നു രക്ഷാപ്രവർത്തനത്തിന്റെ തുടക്കം.
ബോട്ട് മറിഞ്ഞത് ചെളി നിറഞ്ഞ ഭാഗത്തായത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഇതിനിടെ അപകടവിവരമറിഞ്ഞ് സ്ഥലത്ത് ആളുകൾ തടിച്ചുകൂടിയതും പ്രശ്നം സൃഷ്ടിച്ചു. രക്ഷാപ്രവർത്തനം ആരംഭിക്കുമ്പോൾ ബോട്ട് തലകീഴായി മറിഞ്ഞ അവസ്ഥയിലായിരുന്നു. ഇതും തിരിച്ചടിയായി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ബോട്ട് ഉയർത്താനായത്.
ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് താനൂരിനെ കണ്ണീർക്കടലാക്കി വിനോദസഞ്ചാര സംഘം സഞ്ചരിച്ചിരുന്ന ബോട്ട് തലകീഴായി മറിഞ്ഞത്. വിനോദ സഞ്ചാരത്തിനെത്തിയ ആളുകളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ആറു മണി വരെയാണ് സർവീസിന് അനുമതിയുണ്ടായിരുന്നതെങ്കിലും അത് ലംഘിച്ചാണ് ഏഴ് മണിക്ക് സർവീസ് നടത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. യാത്രക്കാരിൽ ഭൂരിഭാഗം പേരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും വിവരമുണ്ട്.