മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന തിരച്ചില്‍ അവസാനിപ്പിച്ചു. ബോട്ടിലുണ്ടായിരുന്ന അവസാനത്തെ ആളെയും കണ്ടെത്തിയ സാഹചര്യത്തിലാണ് ഫയര്‍ഫോഴ്സിന്റെയും എന്‍ഡിആര്‍എഫിന്റെയും നേതൃത്വത്തില്‍ നടത്തിയിരുന്ന തിരച്ചില്‍ അവസാനിപ്പിച്ചത്.
ബോട്ടിലുണ്ടായിരുന്ന എട്ടു വയസുകാരന് വേണ്ടിയാണ് ദീര്‍ഘനേരമായി തിരച്ചില്‍ നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ കുട്ടി സുരക്ഷിതനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടെന്ന് വിവരം ലഭിച്ചു.മാത്രമല്ല ഇനി ആരെയും കണ്ടെത്താനുള്ളതായി പരാതിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തിരച്ചില്‍ നടപടി അവസാനിപ്പിക്കാന്‍ സംയുക്ത തീരുമാനമായത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. നാൽപ്പതോളം ആളുകൾ ബോട്ടിലുണ്ടായിരുന്നു. അപകടമുണ്ടായതിന് പിന്നാലെ നാട്ടുകാരാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. തൊട്ടുപിന്നാലെ ഫയർഫോഴ്സും സ്ഥലത്തെത്തി.
തുടർന്നാണ് തൃശൂർ ബേസ് ക്യാമ്പിൽ നിന്നും എൻഡിആർഎഫിന്റെ ആദ്യസംഘമെത്തിയത്. ഇന്ന് രാവിലെ എൻഡിആർഎഫിന്റെ രണ്ടാം സംഘവും സ്ഥലത്തെത്തി. നേവിയുടെ ഹെലികോപ്റ്ററും രക്ഷാപ്രവർത്തന ദൗത്യത്തിൽ പങ്കെടുത്തിരുന്നു. എട്ടുമാസം പ്രായമുള്ള കുട്ടി ഉൾപ്പടെ 22 പേരാണ് അപകടത്തിൽ മരിച്ചത്. ഒരു കുടുംബത്തിലെ 12 പേരുടെ ജീവനും ഈ ദുരന്തത്തിൽ നഷ്ടമായി.
അപകടസ്ഥലം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചിരുന്നു. മന്ത്രിമാരുടെ സംഘവും ഉന്നത ഉദ്യോഗസ്ഥരുടെ സംഘവും രക്ഷാപ്രവർത്തന കർമങ്ങൾക്ക് നേതൃത്വം നൽകി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംഭവത്തിൽ ജുഡീഷൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.