താനൂർ ബോട്ട് അപകടം : മരണം 21 ആയി

താനൂർ : വിനോദ സഞ്ചാര ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 21 ആയി. നാല്പതു പേർ കേറിയ ബോട്ടിൽ സഞ്ചരിച്ച അഞ്ചു പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ഇവർക്കായി കോസ്റ്റ് ഗാർഡും നേവിയും രാവിലേ തന്നെ ഊർജിത തിരച്ചിൽ നടത്തും. ഇന്നു സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. നിശ്ചയിച്ച എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചു. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കി മൃതദേഹം വിട്ടുകൊടുക്കാൻ നടപടി സ്വീകരിക്കും. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ തൃശൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുമെത്തിച്ച് തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും പോസ്റ്റുമോര്‍ട്ടം നടത്തും. മഞ്ചേരിയ്ക്ക് സമീപമുള്ളവരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വച്ച് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതാണ്. രാവിലെ 6 മണിക്ക് തന്നെ പോസ്റ്റുമോര്‍ട്ടം ആരംഭിക്കും. കഴിയുമെങ്കില്‍ കുറച്ച് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ കൂടി സജ്ജീകരണങ്ങളൊരുക്കി പോസ്റ്റുമോര്‍ട്ടം നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്.രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിന് മന്ത്രിമാരായ കെ രാധാകൃഷ്ണൻ, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് എത്തും .

ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ പരപ്പനങ്ങാടി, താനൂർ നഗരസഭകളുടെ അതിർത്തിയായ ഒട്ടുംപുറം തൂവൽതീരത്താണ് അപകടം. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി. ഇതു പിന്നീട് ഉയർത്തി കരയ്‌ക്കടുപ്പിച്ചു.ഒട്ടനവധി പേരെ രക്ഷപ്പെടുത്തി. ഇവരെ പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോട്ടക്കല്‍, താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്. ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിനു വെളിച്ചക്കുറവ് പ്രതിസന്ധിയായെന്നു നാട്ടുകാർ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *