ശനിയാഴ്ച്ചയും ക്ളാസെന്ന് വിദ്യാഭ്യാസ വകുപ്പ്, പറ്റില്ലെന്ന് അധ്യാപക സംഘടനകൾ; വിദ്യാഭ്യാസ കലണ്ടർ പ്രഖ്യാപനം മാറ്റി

തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷത്തിൽ ശനിയാഴ്ചകളിലും ക്ളാസ് വേണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തെ എതിർത്ത് അധ്യാപക സംഘടനകൾ. ഈ വർഷം മുതൽ 220 അധ്യയന ദിവസങ്ങൾ ലഭിക്കുന്ന തരത്തിൽ കലണ്ടർ പരിഷ്കരിക്കാനുള്ള നീക്കമാണ് എതിർപ്പിനെ തുടർന്ന് മാറ്റി വെച്ചത്.

എല്ലാ ശനിയാഴ്ചയും അദ്ധ്യയന ദിനമാക്കിക്കൊണ്ടുള്ള പുതിയ കലണ്ടറാണ് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ നടന്ന ക്യു.ഐ.പി യോഗത്തിൽ അവതരിപ്പിച്ചത്. എന്നാൽ, ആർ.ടി.ഇ ആക്ടിൽ 200 അദ്ധ്യയന ദിനമാണ് നിഷ്കർഷിച്ചിട്ടുള്ളതെന്നും ശനിയാഴ്ചകളും ഉൾപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ധ്യാപക സംഘടനകൾ വ്യക്തമാക്കിയതിനെതുടർന്ന് വിദ്യാഭ്യാസ കലണ്ടർ പ്രഖ്യാപനം മാറ്റിവച്ചു.

എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ ഫെബ്രുവരി അവസാനം നടത്തും വിധത്തിൽ കലണ്ടർ പരിഷ്കരിക്കും.ഒന്നു മുതൽ പ്ളസ് ടു വരെയുള്ള വാർഷിക പരീക്ഷയ്ക്ക് മുന്നോടിയായി ജനുവരിയിൽ അദ്ധ്യാപകർക്കായി പരിശീലന ക്ളാസ് സംഘടിപ്പിക്കും. ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കുന്നതിലും യൂണിഫോം ഫണ്ട് നൽകുന്നതിലും ഉടൻ തീരുമാനമുണ്ടാകും. 12 വർഷം ഹൈസ്കൂൾ സർവീസുള്ള അദ്ധ്യാപകരെ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ /എ.ഇ.ഒ പ്രൊമോഷന് പരിഗണിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *