കേരളത്തിൽ ഒരു ആരോഗ്യ പ്രവർത്തകൻ കൊല്ലപ്പെടും, ഉടൻ ! ചർച്ചയായി  ഐഎംഎ പ്രസിഡന്റിന്റെ മുന്നറിയിപ്പ് 

തിരുവനന്തപുരം:   ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർ ഉടൻ കൊല്ലപ്പെടുമെന്ന് ഐഎംഎ പ്രസിഡന്റ് നൽകിയ മുന്നറിയിപ്പ് ചർച്ചയാകുന്നു . കൊട്ടാരക്കരയിൽ വനിതാ യുവഡോക്ടർ കുത്തേറ്റു മരിച്ചതോടെയാണ് ആശുപത്രിയിൽവച്ച് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമം വർധിച്ച സാഹചര്യത്തിൽ ഡോക്ടർ സുൽഫി നൂഹു നൽകിയ മുന്നറിയിപ്പ് ചർച്ചയാകുന്നത്. 

സുൽഫി നൂഹുവിന്റെ പോസ്റ്റ്:

‘ഒരാൾ കൊല്ലപ്പെടും, ഉടൻ! അതൊരുപക്ഷേ ഞാനായിരിക്കാം. ഞാനെന്നല്ല, അതാരുമാകാം. കേരളത്തിൽ ഒരു ആരോഗ്യ പ്രവർത്തകനോ ആരോഗ്യപ്രവർത്തകയോ കൊല്ലപ്പെടും. അധികം താമസിയാതെ. ആശുപത്രി ആക്രമണങ്ങളിൽ അങ്ങനെയൊന്ന് ഉടൻ സംഭവിച്ചില്ലെങ്കിൽ മാത്രമാണ് അദ്ഭുതം. പലപ്പോഴും തലനാരിഴയ്ക്കാണ് മരണം മാറി പോയിട്ടുള്ളത്. എത്രനാൾ ഭാഗ്യത്തിന്റെ കണിക സഹായിക്കുമെന്നറിയില്ല.

ആഴ്ചയിൽ ഒന്ന് എന്നാണ് കേരളത്തിൽ ആശുപത്രി ആക്രമണങ്ങളുടെ കണക്ക്. മരണ ഭയത്തോടെ രോഗിക്ക് നല്ല ചികിത്സ നൽകാൻ കഴിയില്ല. സ്വന്തം ജീവൻ സുരക്ഷിതമാക്കുന്ന പരക്കംപാച്ചിലിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഡിഫൻസീഫ് ചികിത്സാരീതിയിലേക്ക് വഴുതിപ്പോകുന്നത് അത്യന്തം അപകടം. അതുകൊണ്ട് ജീവിക്കുവാനല്ല ഈ സമരം. ഇത്തവണ തലനാരിഴയ്ക്ക് തന്നെയാണ് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടർ അശോകൻ രക്ഷപ്പെട്ടത്. അവിടെയുണ്ടായിരുന്ന പൊലീസുകാരുടെ അഭിപ്രായത്തിൽ അവർ അവിടെ ഉണ്ടായിരുന്നില്ലെങ്കിൽ ഡോക്ടർ കൊല്ലപ്പെടുമായിരുന്നത്രേ. സത്യത്തിന്റെ മുഖം അതീവ വിരൂപമാണ്. അതെ നിവർത്തികേടുകൊണ്ടാണ് ഈ സമരം. 

ഡോക്ടർമാരോട് പ്രക്ഷോഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത് തന്നെ ബുദ്ധിമുട്ടാണ്. അവർ അതിനെ ശക്തിയുക്തം എതിർക്കും. പക്ഷേ  സ്വന്തം ജീവനെതിരെ വെല്ലുവിളി ഉയരുമ്പോൾ സമരം ചെയ്യൂവെന്ന് അംഗങ്ങൾ ആദ്യം ആവശ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നു. കൊലപാതക ശ്രമത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം. മുഖ്യപ്രതി സ്വൈര്യ വിഹാരം നടത്തുന്നത് അംഗീകരിക്കാനാവില്ല. കേരളത്തിൽ ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിക്കാനുള്ള സർക്കാരിന്റെ തീരുമാന സഹർഷം സ്വാഗതം ചെയ്യുന്നു. 

എന്നാൽ കാലതാമസം ഒരാൾ കൊല്ലപ്പെടാൻ കാരണമായേക്കാം. ഒരുപക്ഷേ പൊതുജനാരോഗ്യ ബില്ലിനേക്കാൾ പ്രാധാന്യം ആശുപത്രി സംരക്ഷണ നിയമം തന്നെയാണ്. ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം. ഇത് സംബന്ധിച്ച് ഹൈക്കോടതി മുന്നോട്ടുവച്ച നിർദേശങ്ങൾ കൃത്യമായി പാലിക്കപ്പെടണം. അതെ സ്വന്തം ജീവൻ രക്ഷിക്കുക തന്നെയാണ് ഏറ്റവും പ്രാധാന്യമുള്ളത്. ആരും കൊല്ലപ്പെടാതിരിക്കട്ടെ’.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *