കൊച്ചി : ജലം പാഴാക്കാതെ കാറ്റ് ഉപയോഗിച്ച് സോളാർ പാനലുകൾ വൃത്തിയാക്കുന്ന ഉപകരണം വികസിപ്പിച്ചെടുത്ത് വിദ്യാർഥികൾ. കാലടി ആദിശങ്കര എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർഥികളാണ് നൂതനസംവിധാനം നിർമിച്ചത്.
ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നതിനാൽ കൃത്യസമയങ്ങളിൽ പാനലുകളിൽ അടിഞ്ഞുകൂടിയ പൊടിയും കളയാൻ സാധിക്കും. മരുഭൂമികളിലും തുറസായ സ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്ന പാനലുകൾക്കും ഇത് ഉപയോഗിക്കാം. ഗാർഹിക ഉപഭോക്‌താക്കൾമുതൽ വൻകിട സ്ഥാപനങ്ങൾക്കുവരെ ചെലവ് കുറഞ്ഞരീതിയിൽ പാനലുകൾ വൃത്തിയാക്കാം. ഏതൊക്കെസമയത്ത് പാനൽ വൃത്തിയാക്കണമെന്ന് ക്രമീകരിക്കാം. ആ സമയങ്ങളിൽ മനുഷ്യസഹായമില്ലാതെ ഉപകരണം പാനൽ വൃത്തിയാക്കും.
കോളേജിലെ ഫാബ് ലാബിൽ മെക്കാനിക്കൽ അവസാനവർഷ വിദ്യാർഥികളായ ആകാശ് അജയൻ, എഡിസൻ ഡേവിസ്, പി വി അൽവിൻ, അക്ഷയ് ബിജു എന്നിവരാണ് ഉപകരണം വികസിപ്പിച്ചത്. പ്രോജക്ട് ഗൈഡ് പ്രൊഫ. അനീഷ് വിക്രമൻ, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. കെ കെ എൽദോസ് എന്നിവർ നിർദേശങ്ങൾ നൽകി. വിവിധ സാങ്കേതിക ശിൽപ്പശാലകളിൽ ഉപകരണം പ്രദർശിപ്പിച്ചിരുന്നു.