സിദ്ധരാമയ്യ ഡൽഹിയിലേക്ക്, ചർച്ചക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡികെ, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ?

ബെംഗളൂരു : മുഖ്യമന്ത്രിയെ നിർണയിക്കുന്നതിനുള്ള ചർച്ചകൾക്കായി , സിദ്ധരാമയ്യ ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിലേക്കു തിരിക്കും.അതേ സമയം, ചർച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തണമെന്ന ഹൈക്കമാന്‍ഡ് ആവശ്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കർണാടക പിസിസി അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർഥികളിൽ ഒരാളുമായ ഡികെ  ശിവകുമാർ വ്യക്തമാക്കി. ഇന്നു തന്റെ ജന്മദിനമാണെന്നും പ്രവര്‍ത്തകര്‍ എത്തുന്നതിനാല്‍ തിരക്കുണ്ടെന്നുമാണു കാരണമായി പറഞ്ഞത്.

‘‘ഹൈക്കമാൻഡ് എന്തു തീരുമാനമെടുത്താലും അനുസരിക്കും. സോണിയ ഗാന്ധിയുടെയും മറ്റു പാർട്ടി നേതാക്കളുടെയും തീരുമാനത്തിൽ വിശ്വാസമുണ്ട്. ജനങ്ങൾ കോൺഗ്രസിനു ഭൂരിപക്ഷം നൽകിയിട്ടുണ്ട്. എന്റെ ജോലി ഭംഗിയായി ചെയ്തു’’ – ജന്മദിനത്തിൽ ക്ഷേത്രദർശനത്തിനുശേഷം മാധ്യമങ്ങളോടു ഡി.കെ.ശിവകുമാർ പറഞ്ഞു.

മുഖ്യമന്ത്രിയെ ഇന്നു രാത്രി എഐസിസി പ്രഖ്യാപിക്കുമെന്നാണ് വിവരം. രാഹുൽ ഗാന്ധിയുമായി ഇന്നു ഡൽഹിയിൽ ചർച്ച നടത്തിയശേഷമാകും പ്രഖ്യാപനം. ഡൽഹിയിൽ തിരിച്ചെത്തിയ ഖർഗെ ഇന്നലെത്തന്നെ സോണിയ ഗാന്ധിയുമായി ഫോണിൽ ചർച്ച നടത്തി. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനാണു നിലവിലെ തീരുമാനം.

നിയമസഭാകക്ഷിയോഗത്തിൽ പങ്കെടുത്ത എഐസിസി നിരീക്ഷകർ ഓരോ എംഎൽഎയോടും നേരിട്ടുസംസാരിച്ച് അഭിപ്രായം തേടിയിരുന്നു. ഇതിന്റെ റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു നൽകും.മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ചുമതലപ്പെടുത്തുന്ന പ്രമേയം കോൺഗ്രസ് നിയമസഭാകക്ഷി യോഗം പാസാക്കിയിരുന്നു. സിദ്ധരാമയ്യയാണു പ്രമേയം അവതരിപ്പിച്ചത്. 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *