ബംഗളൂരു: വൻവിജയം നേടിയ ശേഷം അധികാരത്തർക്കം മൂലം ജനങ്ങളെ മുൾമുനയിൽ നിർത്തുന്ന പാരമ്പര്യം കോൺഗ്രസിൽ തുടരുന്നു. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കണ്ട തമ്മലടിയുടെ പാതയിലേക്കാണ് സിദ്ധരാമയ്യ – ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിക്കസേരത്തർക്കത്തിലൂടെ കർണാടകവും നീങ്ങുന്നത്. 224ൽ 135 സീറ്റും നേടി ബി.ജെ.പിയിൽ നിന്ന് കർണാടകം തിരിച്ചുപിടിച്ച ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപിയുടെ രാഷ്ട്രീയ കുതിരക്കച്ചവടങ്ങൾക്ക് പേരുകേട്ട കർണാടകയിൽ നേതാക്കൾ കലഹിക്കുന്നത്.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടുന്നതാണ് ഉചിതമെന്ന് ഹൈക്കമാൻഡ് ചിന്തിക്കുന്നു. രണ്ടര വർഷം കഴിഞ്ഞ് പദവി കൈമാറാം. അതുവരെ സുപ്രധാന വകുപ്പുകളോടെ ഉപമുഖ്യമന്ത്രി സ്ഥാനവും ഉറപ്പു നൽകി. എന്നാൽ, 135 സീറ്റ് നേടിയത് തന്റെ പ്രയത്‌നം കൊണ്ടു മാത്രമെന്നും അഞ്ചു വർഷവും മുഖ്യമന്ത്രി സ്ഥാനം വേണമെന്നുമാണ് ശിവകുമാർ ഇന്നലെ ബംഗളൂരുവിൽ തുറന്നടിച്ചത്. ഉജ്ജ്വല വിജയം കൊണ്ടുവന്ന താനാണ് മുഖ്യമന്ത്രി പദത്തിന് അർഹനെന്ന നിലപാടിലുറച്ചു നിൽക്കുന്ന ശിവകുമാർ ഹൈക്കമാൻഡ് ഫോർമുലയും തള്ളി. ഡൽഹിയിലെത്താനുള്ള നിർദ്ദേശവും നിരസിച്ചു.
എ.ഐ.സി.സി നിരീക്ഷകർ എം.എൽ.എമാരുടെ അഭിപ്രായം നേതൃത്വത്തെ ധരിപ്പിച്ചതിന് പിന്നാലെയാണ് ഇരു നേതാക്കളെയും ഡൽഹിക്ക് വിളിപ്പിച്ചിച്ചത്. സിദ്ധരാമയ്യ ഡൽഹിയിലെത്തി. രാത്രിയോടെ പോകുമെന്ന് ആദ്യം പറഞ്ഞ ശിവകുമാർ അനാരോഗ്യം പറഞ്ഞ് പിന്നീട് യാത്ര ഉപേക്ഷിച്ചു. ബംഗളൂരുവിൽ തന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തു. വൈകുന്നേരം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ വസതിയിൽ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സാന്നിദ്ധ്യത്തിൽ പ്രാഥമിക ചർച്ച നടത്തി. രാത്രി സിദ്ധരാമയ്യയെയും ഖാർഗെ കണ്ടു.
75കാരനായ സിദ്ധരാമയ്യയ്‌ക്ക് അവസാന അവസരമെന്ന നിലയിലും മികച്ച പ്രതിച്ഛായ കണക്കിലെടുത്തും ആദ്യ രണ്ടര വർഷം അവസരം നൽകാനാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നത്. കോൺഗ്രസിന്റെ ട്രബിൾഷൂട്ടറും വിശ്വസ്തനുമായ ശിവകുമാറിനെ ഇപ്പോൾ മുഖ്യമന്ത്രിയാക്കിയാൽ ഇ.ഡി കേസുകളും അഴിമതി ആരോപണങ്ങളും കേന്ദ്രം കുത്തിപ്പൊക്കുമെന്ന് ഹൈക്കമാൻഡ് ഭയപ്പെടുന്നു. ശിവകുമാറിന്റെ ശത്രുവും കർണാടക ഡി.ജി.പിയുമായിരുന്ന പ്രദീപ് സൂദിനെ കേന്ദ്രസർക്കാർ സി.ബി.ഐ ഡയറക്‌ടറാക്കിയതിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ലെന്നാണ് പാർട്ടി വിലയിരുത്തൽ.
സിദ്ധരാമയ്യയ്‌ക്കൊപ്പം 85 എം.എൽ.എമാർ
സിദ്ധരാമയ്യയ്‌ക്ക് 85 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് ഐ.ഐ.സി.സി നിരീക്ഷകർ നൽകിയ റിപ്പോർട്ട്
45പേരാണ് ശിവകുമാറിനെ പിന്തുണയ്‌ക്കുന്നത്. ബാക്കിയുള്ളവർ ഹൈക്കമാൻഡ് തീരുമാനത്തിന് വിട്ടു
ഹൈക്കമാൻഡിനു മുന്നിൽ
ലോകസഭാ തിരഞ്ഞെടുപ്പ് നേരിടാൻ സിദ്ധരാമയ്യ ആദ്യ ടേമിൽ മുഖ്യമന്ത്രി, ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രി. പി.സി.സി പ്രസിഡന്റായും തുടരും
ശിവകുമാർ ആദ്യ ടേമിൽ മുഖ്യമന്ത്രി,സിദ്ധരാമയ്യ ഇഷ്ടമുള്ള വകുപ്പുകളുമായി ഉപമുഖ്യമന്ത്രി. രണ്ടര വർഷശേഷം മുഖ്യമന്ത്രി സ്ഥാനം