ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ മെഡലുകൾക്ക് 15 രൂപ മാത്രമാണ് വിലയുള്ളതെന്ന അധിക്ഷേപ പരാമർശവുമായി ദേശീയ ഗുസ്തി ഫെഡറേഷൻ തലവൻ ബ്രിജ്ഭൂഷൺ ശരൺ സിംഗ്.
പ്രതിഷേധിക്കുന്ന താരങ്ങൾ ഫെഡറേഷനിൽ നിന്ന് ലഭിച്ച സമ്മാനത്തുക തിരികെ നൽകണമെന്നും അവരുടെ കൈവശമുള്ള മെഡലുകൾക്ക് 15 രൂപ മാത്രമാണ് വിലയുള്ളതെന്നും സിംഗ് പ്രതികരിച്ചു. ഉത്തർ പ്രദേശിലെ ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് സിംഗ് ഈ പരാമർശങ്ങൾ നടത്തിയത്.
സിംഗിന്റെ പ്രസ്താവനയ്ക്കെതിരെ ബജ്റംഗ് പൂനിയ അടക്കമുള്ള താരങ്ങൾ രംഗത്തെത്തി. മെഡലുകൾ ആരും ദാനം ചെയ്തതല്ലെന്നും തങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് അവയെന്നും പൂനിയ പ്രതികരിച്ചു.
വർഷങ്ങളായുള്ള തങ്ങളുടെ കഠിനാധ്വാനത്തിന് സിംഗ് നൽകിയ വിലയാണ് 15 രൂപയെന്നും അയാൾ ഒരിക്കലും കായിക താരങ്ങൾക്ക് ബഹുമാനം നൽകിയിട്ടില്ലെന്നും സാക്ഷി മാലിക് പറഞ്ഞു.