ബാഴ്സലോണ: ബാഴ്സലോണയുമായുള്ള രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധം ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സ് അവസാനിപ്പിക്കുന്നു. സീസൺ അവസാനത്തോടെ ബുസ്ക്വെറ്റ്സ് ബാഴ്സയുടെ പടികൾ ഇറങ്ങും.34 കാരനായ മുൻ സ്പെയിൻ മിഡ്ഫീൽഡർ ബാഴ്സലോണയ്ക്കായി 718 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ക്ലബ്ബിന്റെ ചരിത്രത്തിൽ ബാഴ്സയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മൂന്നാമത്തെ താരമാണ് ബുസ്ക്വെറ്റ്സ്. ക്ലബ്ബിനൊപ്പം സ്പാനിഷ് താരം എട്ട് ലാ ലിഗ കിരീടങ്ങളും ഏഴ് കോപ്പ ഡെൽ റെ, ഏഴ് സ്പാനിഷ് സൂപ്പർ കപ്പ്, മൂന്ന് ചാമ്പ്യൻസ് ലീഗ് കീരടങ്ങൾ എന്നിവ നേടി. 2005 ൽ ബാഴ്സയുടെ യൂത്ത് ടീമിലെത്തിയ ബുസ്ക്വെറ്റ്സ് പിന്നീട് ബി ടീമിൽ അംഗമായി. 2008-ൽ റേസിംഗ് സാന്റാൻഡറിനെതിരായ മത്സരത്തിൽ പെപ് ഗ്വാർഡിയോളയുടെ കീഴിൽ സീനിയർ ടീമിനായി അരങ്ങേറ്റം നടത്തി. സ്പാനിഷ് വമ്പന്മാർക്കൊപ്പം മൂന്ന് യൂറോപ്യൻ സൂപ്പർ കപ്പ് കിരീടങ്ങളും മൂന്ന് ക്ലബ് ലോകകപ്പുകളും നേടിയ ഡിഫൻസീവ് മിഡ്ഫീൽഡർ തന്റെ കരിയറിലെ ഒമ്പതാം ലാ ലിഗ കിരീടം നേടി ബാഴ്സ കുപ്പായം അഴിക്കും.