തിരുവനന്തപുരം: എയ്റോസ്പേസ്, ഡിഫൻസ് മേഖലകളിൽ ആഗോളഭീമന്മാരായ സഫ്രാൻ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. 27 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം തൊഴിലാളികളും 270 യൂണിറ്റുകളുമുള്ള സഫ്രാൻ തിരുവനന്തപുരം ജില്ലയിൽ ടെക്നോപാർക്കിന് സമീപം ആരംഭിച്ച കേരളത്തിലെ ആദ്യ യൂണിറ്റ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
ബഹിരാകാശ-പ്രതിരോധ ഉൽപ്പന്നങ്ങളുടെ ടെസ്റ്റ് സെൻ്ററായിട്ടാണ് സഫ്രാൻ പ്രവർത്തനം ആരംഭിക്കുന്നത്. എയർക്രാഫ്റ്റ് നിർമ്മാണരംഗത്തും പ്രതിരോധരംഗത്തെ ഡ്രോണുകൾക്കും മിസൈലുകൾക്കും ആവശ്യമായ ഉപകരണങ്ങളുടെ നിർമ്മാണത്തിലും റോബോട്ടിക് ഉപകരണങ്ങൾ നിർമ്മിക്കുന്നതിലും ബഹിരാകാശമേഖലയിലെ ലോഞ്ച് വെഹിക്കിളുകൾക്കും സാറ്റലൈറ്റുകൾക്കുമാവശ്യമായ അത്യാധുനിക യന്ത്രഭാഗങ്ങളും നിർമ്മിക്കുന്നതിൽ മികവ് പുലർത്തുന്ന സഫ്രാൻ സമീപഭാവിയിൽ തന്നെ തിരുവനന്തപുരത്തെ യൂണിറ്റ് ഏഷ്യാ പസിഫിക് മേഖലയിലെ സ്പേസ് ടെസ്റ്റ് കേന്ദ്രമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഒപ്പം കേരളത്തിൽ തന്നെ സഫ്രാൻ സ്പേസ് പ്രൊഡക്റ്റിൻ്റെ അസംബ്ലിങ്ങ്/മാനുഫാക്ചറിങ്ങ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള താൽപര്യവും അധികൃതർ പ്രകടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയുടെ പ്രതിരോധമേഖലയിൽ ദീർഘകാലത്തെ സഹകരണമാണ് സഫ്രാൻ ഇലക്ട്രോണിക്സ് ആൻ്റ് ഡിഫൻസ് കമ്പനിക്കുള്ളത്. ഫൈറ്റർ വിമാനങ്ങൾക്കും റോക്കറ്റുകൾക്കും മിസൈലുകൾക്കുമാവശ്യമായ നിർണായക യന്ത്രോപകരണങ്ങൾ നിർമ്മിച്ചുനൽകുന്നതിനൊപ്പം സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, സാറ്റലൈറ്റ് ട്രാക്കിങ്ങ് തുടങ്ങിയ മേഖലകളിലും സഫ്രാൻ സേവനം ലഭ്യമാക്കുന്നു. ഐ എസ് ആർ ഒ ആവശ്യപ്പെടുന്ന ഉൽപ്പന്നങ്ങളുടെ 50% ഇന്ത്യയിൽ തന്നെ ഉൽപാദിപ്പിക്കാനാണ് സഫ്രാൻ ശ്രമിക്കുന്നത്. ഈ ഘട്ടത്തിൽ കേരളത്തിൽ നിർമ്മാണ യൂണിറ്റ് ആരംഭിക്കാൻ താൽപര്യമുണ്ടെന്ന കമ്പനി അധികൃതരുടെ താൽപര്യം എയറോസ്പേസ്/ബഹിരാകാശ രംഗത്ത് രാജ്യത്തിൻ്റെ ഹബ്ബായി മാറാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് പുത്തനൂർജ്ജം പകരും.