പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടില്‍ അനധികൃതമായി കടന്ന് പൂജ നടത്തിയ സംഭവത്തില്‍ ഒന്‍പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വനംവകുപ്പ് നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെയാണ് പോലീസും പ്രതി ചേര്‍ത്തത്.
മതവിശ്വാസത്തെ അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെ ആരാധനാസ്ഥലത്ത് കടന്നുകയറുക, നിയമവിരുദ്ധ പ്രവര്‍ത്തനത്തിനായി സംഘം ചേരുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.
ശബരിമല ക്ഷേത്രത്തിന്റെ പരിപാവനത നശിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തിയെന്നും ഹിന്ദുമത വിശ്വാസികളെ അവഹേളിക്കുന്ന തരത്തില്‍ പ്രതികള്‍ പ്രവര്‍ത്തിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.
സംഭവത്തില്‍ ഒമ്പത് പേര്‍ക്കെതിരെ വനംവകുപ്പ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അനധികൃതമായി വനത്തില്‍ കയറിയതിനാണ് കേസെടുത്തത്.
തൃശൂര്‍ തെക്കേക്കാട്ട് മഠം നാരായണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍നിന്നുള്ള സംഘമാണ് വനത്തില്‍ അതിക്രമിച്ച് കയറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു.
ഇവരെ വനത്തില്‍ കടക്കാന്‍ അനുവദിച്ചതിന് രണ്ട് വനം വികസന കോര്പറേഷന് ജീവനക്കാരെ വനംവകുപ്പ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ഈ മാസം 30 വരെ റിമാന്‍ഡ് ചെയ്തു.
കേസിലെ മറ്റ് പ്രതികളെല്ലാം ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ അന്വേഷണസംഘം തമിഴ്നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട്.