മാഡ്രിഡ്: റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനെതിരെ വംശീയ അധിക്ഷേപം നടത്തിയ മൂന്നു പേർ അറസ്റ്റിൽ.18 നും 21 നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് സ്പാനിഷ് പോലീസ് അറിയിച്ചു. ഞായറാഴ്ച ലാ ലിഗയില്‍ റയല്‍ മാഡ്രിഡും വലന്‍സിയയും തമ്മിലുള്ള മത്സരത്തിനിടെയാണ് വിനീഷ്യസ് വംശീയ അധിക്ഷേപത്തിന് ഇരയായത്.
വലന്‍സിയയുടെ മെസ്റ്റാല്ല സ്റ്റേഡിയത്തിലായിരുന്നു മത്സരം. വി നീഷ്യസിനെ കുരങ്ങനെന്ന് വിളിച്ചായിരുന്നു അധിക്ഷേപം. വിനീഷ്യസിന്റെ കാലില്‍ പന്ത് കിട്ടുമ്പോഴെല്ലാം സ്റ്റേഡിയത്തില്‍ കുരങ്ങ് വിളികള്‍ ഉയര്‍ന്നു.റഫറിയോടു പരാതിപ്പെട്ട വിനീഷ്യസ് പിന്നീട് റയൽ കോച്ച് കാർലോ അഞ്ചലോട്ടിയോടും ബുദ്ധിമുട്ട് അറിയിച്ചു. തന്നെ കുരങ്ങനെന്ന് വിളിച്ചയാളെ റഫറിക്ക് വിനീഷ്യസ് ചൂണ്ടിക്കാണിച്ചതോടെ ആ ഭാഗത്തിരുന്ന കാണികള്‍ ഒന്നാകെ അധിക്ഷേപം ചൊരിഞ്ഞു. ഇതേത്തുടര്‍ന്ന് മത്സരം 10 മിനിറ്റോളം തടസപ്പെട്ടു.
മത്സരത്തിൽ റയൽ മാഡ്രിഡ് 1-0നു പരാജയപ്പെടുകയും 90+7-ാം മിനിറ്റിൽ നേരിട്ടുള്ള ചുവപ്പുകാർഡിലൂടെ വിനീഷ്യസ് പുറത്താകുകയും ചെയ്തിരുന്നു. മത്സരശേഷം ബ്രസീൽ താരം തനിക്കുനേരിട്ട വംശീയാധിക്ഷേപത്തിനെതിരെ ശക്തമായി സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുകയും ചെയ്തു. കഴിഞ്ഞ ജനുവരിയിൽ റയലും അത്ലറ്റികോയും തമ്മിലുള്ള മത്സരത്തിനു മുൻപ് റയൽ മാഡ്രിഡിന്റെ പരിശീലന മൈതാനത്തിന് അടുത്തുള്ള പാലത്തില്‍ വിനീഷ്യസിന്റെ കോലം തൂക്കിയ സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.