തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 26നും 27നും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്നറിയിപ്പുള്ള ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട്, ആന്ധ്രാപ്രദേശ് തീരങ്ങളിലും വെള്ളി, ശനി ദിവസങ്ങളിൽ ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥവകുപ്പ് മുന്നറിയിപ്പ്.
മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. അതിനാൽ ഈ തീയതികളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. അതേസമയം കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.