കൊച്ചി: ആലുവ, അങ്കമാലി സെക്ഷനുകളിൽ അറ്റകുറ്റപ്പണിയും മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയിൽ പാലത്തിന്റെ ഗർഡർ മാറ്റിസ്ഥാപിക്കലും നടക്കുന്നതിനാൽ ഇന്ന് 3 ട്രെയിനുകൾ പൂർണ്ണമായും ചിലത് ഭാഗികമായും റദ്ദാക്കി.
ലോകമാന്യ തിലക് ടെർമിനൽ-കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ് (12201 ), നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് (16350), മധുര-തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് (16344 ) എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകൾ.
ഭാഗികമായി റദ്ദാക്കിയവ
ഇന്ന് രാത്രി 11.15ന് ഗുരുവായൂരിൽ നിന്ന് ചെന്നൈ എഗ്മൂറിലേക്ക് പുറപ്പെടേണ്ട എക്സ്പ്രസ് (16128 ) 23ന് പുലർച്ചെ 1.20ന് എറണാകുളം ജംഗ്ഷനിൽ നിന്ന് സർവീസ് ആരംഭിക്കും. ഇന്ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസ് (16306 ) തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും.
സമയ മാറ്റം
ഇന്ന് ഉച്ചയ്ക്ക്ശേഷം 2.25ന് പുറപ്പെടേണ്ട മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16348)വൈകിട്ട് 6.40നും വൈകിട്ട് 5.30ന് പുറപ്പെടേണ്ട മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603 ) രാത്രി 7.45നും പുറപ്പെടും.
വലഞ്ഞ് യാത്രക്കാർ
ട്രെയിനുകളുടെ സർവീസ് റദ്ദാക്കിയതും സമയം മാറ്റിയതും മൂലം ഇന്നലെ യാത്രക്കാർ വലഞ്ഞു. മുൻകൂട്ടി മാദ്ധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും റെയിൽവേ അധികൃതർ ട്രെയിനുകളുടെ നിയന്ത്രണത്തെ കുറിച്ച് അറിയിച്ചിരുന്നെങ്കിലും പല സ്റ്റേഷനുകളിലും യാത്രക്കാർക്ക് മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നു. 15 ട്രെയിനുകളാണ് ഇന്നലെ പൂർണ്ണമായും റദ്ദാക്കിയത്.