കൊല്ലം: ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം പുനലൂർ പൈതൃക തൂക്കുപാലം പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നു. മേയ് 10-നാണ് അറ്റകുറ്റ പണികൾ പൂർത്തിയാക്കിയ പാലം വീണ്ടും തുറക്കുന്നത്. പാരമ്പര്യത്തനിമയുള്ള പാലത്തിന്റെ തടിപ്പലകകൾക്ക് നാശം സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് 2022 നവംബറിലാണ് പാലം അടച്ചിട്ടത്.
തിരുവിതാംകൂറിലെ മുൻ ഭരണാധികാരി ആയിരുന്ന ആയില്യം തിരുനാൾ രാമവർമ 1877-ലാണ് തൂക്കുപാലം ജനങ്ങൾക്കായി തുറന്നുകൊടുത്തത്. കല്ലടയാറിന് കുറുരെ 400 അടി നീളത്തിലും 20 അടി വീതിയിലും സ്ഥിതി ചെയ്യുന്ന പാലം പുരാവസ്തു വകുപ്പിന് കീഴിലുള്ള സംരക്ഷിത സ്മാരകങ്ങളിൽ ഒന്നാണ്.
കല്ലിൽ തീർത്ത ആർച്ചുകളിൽ നിന്ന് ഇരുമ്പ് ചങ്ങല ഉപയോഗിച്ചാണ് പാലം താങ്ങിനിർത്തിയിരിക്കുന്നത്. കമ്പകമരത്തിൽ നിന്നുള്ള തടിയാണ് പലകകൾ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. 1972-ൽ സമാന്തര പാലം പണിയുന്നത് വരെ തൂക്കുപാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടിരുന്നു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയോട് അനുബന്ധിച്ചാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.