വയനാട്: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം കസ്റ്റഡിയില്‍. തട്ടിപ്പ് നടക്കുന്ന വേളയില്‍ ബാങ്ക് ഭരണസമിതി പ്രസിഡന്റായിരുന്നു ഇയാള്‍. പുല്‍പ്പള്ളിയിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ ഒന്നിനാണ് അബ്രഹാമിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മുന്‍ ബാങ്ക് സെക്രട്ടറി രമാ ദേവിയും പോലീസ് കസ്റ്റഡിയിലാണ്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അബ്രഹാമിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരന് കേളക്കവല ചെമ്പകമൂല കിഴക്കേ ഇടിക്കലാത്ത് രാജേന്ദ്രന് നായര്‍ (60) കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.അബ്രഹാം ബാങ്ക് പ്രസിഡന്റായിരിക്കെ 2016 -17ല്‍ 70 സെന്റ് ഈട് നല്കി രാജേന്ദ്രന് 70,000 രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ 2019ല്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചു.
24,30,000 രൂപ വായ്പയുണ്ടെന്നായിരുന്നു നോട്ടിസില്‍.ഇതോടെയാണ് തട്ടിപ്പിനിരയായ വിവരം രാജേന്ദ്രന് അറിയുന്നത്. പിന്നീടിത് പലിശ ഉള്‍പ്പെടെ 46 ലക്ഷത്തോളം രൂപയുടെ ബാധ്യതയായി മാറി. ഇതോടെ അന്നത്തെ കോണ്‍ഗ്രസ് ഭരണ സമിതി തന്റെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങള്‍ തട്ടിയെന്ന് കാണിച്ച് രാജേന്ദ്രന് പോലീസില്‍ പരാതി നല്കി.ഹൈക്കോടതിയിലടക്കം കേസ് നീണ്ടതിനാല്‍ ബാങ്കില്‍ പണയം വെച്ച ഭൂമി വില്ക്കാന് രാജേന്ദ്രനായില്ല. പിന്നാലെ കഴിഞ്ഞ ദിവസം രാജേന്ദ്രന് ജീവനൊടുക്കുകയായിരുന്നു.