പത്തനംതിട് : പെരിയാര്‍ ടൈഗര്‍ റിസര്‍വിന് കീഴിലുള്ള പൊന്നമ്പലമേട്ടില്‍ അനധികൃതമായി പ്രവേശിച്ച് പൂജ നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സംഭവത്തില്‍ ഇടനിലക്കാരനായി നിന്ന കുമളി സ്വദേശി ചന്ദ്രശേഖരനെ കട്ടപ്പനയില്‍ നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കേസില്‍ അറസ്റ്റിലായ രണ്ടു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തി വരികയായിരുന്നു. ചന്ദ്രശേഖരന്‍ കട്ടപ്പനയില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് എത്തിയാണ് ഇയാളെ പിടികൂടിയത്.
കേസിലെ മുഖ്യപ്രതി നാരായണന്‍ സ്വാമിയെ വഴികാട്ടികളുമായി പരിചയപ്പെടുത്തിയത് ചന്ദ്രശേഖരന്‍ ആണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഗവി വനംവകുപ്പ് വികസന കോര്‍പ്പറേഷനിലെ രണ്ടു ഉദ്യോഗസ്ഥരെയാണ് നാരായണന്‍ സ്വാമിക്ക് ചന്ദ്രശേഖരന്‍ പരിചയപ്പെടുത്തി കൊടുത്തത്. ഇവരുടെ സഹായത്തോടെ പച്ചക്കാനത്ത് നിന്ന് കാട്ടില്‍ കൂടി വഴിതെളിച്ച് ഒന്നര മണിക്കൂര്‍ കൊണ്ടാണ് നാരായണന്‍ സ്വാമിയും നാലു തമിഴ്‌നാട് സ്വദേശികളും പൊന്നമ്പലമേട്ടില്‍ എത്തിയത്. ഇതിന് രണ്ടു വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പ്രതിഫലം നല്‍കിയതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്നായിരുന്നു വിവാദമായ പൂജ നടന്നത്.
സംഭവം പുറത്തുവന്നതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ പിടികൂടിയിരുന്നു. ഇവരുടെ മൊഴിയില്‍ നിന്നാണ് ചന്ദ്രശേഖരനെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് കട്ടപ്പനയില്‍ നിന്ന് ചന്ദ്രശേഖരനെ പിടികൂടിയത്.