തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി സംബന്ധിച്ചു കേന്ദ്രമന്ത്രി വി. മുരളീധരൻ അവതരിപ്പിച്ച കണക്കിലെ ആധികാരികത പരിശോധിക്കാൻ ധനവകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. കേന്ദ്രമന്ത്രിയുടെ കണക്കിൽ വസ്തുതയുണ്ടോയെന്നും യാഥാർഥ്യമുണ്ടോയെന്നും പരിശോധിക്കണം.
കേന്ദ്ര ധനമന്ത്രാലയത്തോട് ഇക്കാര്യങ്ങൾ ഔദ്യോഗിക തലത്തിൽ തന്നെ അന്വേഷിക്കണം. ഇക്കാര്യത്തിൽ ലഭിക്കുന്ന മറുപടിയും വിവരങ്ങളും അപ്പപ്പോൾ തന്നെ അറിയിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കേരളത്തിന്റെ കടമെടുപ്പു പരിധി കേന്ദ്രം കുറച്ചിട്ടില്ലെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് നിർദേശം നൽകിയത്. ധന അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ കേന്ദ്ര സർക്കാരിൽ നിന് കത്ത് യോഗത്തിൽ വായിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിശദമായി അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്.
വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര സമീപനത്തിനെതിരേ കേരളം പരസ്യമായ പടയൊരുക്കത്തിന് തയാറെടുക്കുന്നതിന്റെ സൂചന കൂടിയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം. കേന്ദ്രത്തിന്റെ മറുപടി ലഭിച്ച ശേഷമാകും സംസ്ഥാനം സ്വീകരിക്കുന്ന തുടർ നടപടിയിൽ തീരുമാനമെടുക്കുകയുള്ളു.