കൊച്ചി : പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ തപാൽ ബാലറ്റ് പെട്ടികളിൽ കൃത്രിമം നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ബാലറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായെന്നും കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് റജിസ്ട്രാർക്ക് ഉള്‍പ്പെടെ ഉത്തരവാദിത്തമുണ്ടെന്നും ഹൈക്കോടതി നിർദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷൻ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ല. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളിലെ ഒരു പാക്കറ്റിനുപുറത്തുള്ള കവർ കീറിയ നിലയിലായിരുന്നു-റിപ്പോര്‍ട്ടില്‍ പറയുന്നു. ലീഗ് സ്ഥാനാര്‍ഥിയുടെ വിജയത്തെ ചോദ്യം ചെയ്ത് എൽഡിഎഫ് സ്ഥാനാർഥി കെ.പി.എം. മുസ്തഫയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷനോടു ഹൈക്കോടതി ഉത്തരവിട്ടു. ഇതുപ്രകാരമുള്ള റിപ്പോർട്ടാണ് കമ്മിഷൻ കോടതിയിൽ സമർപ്പിച്ചത്. തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥിയായ നജീബ് കാന്തപുരമാണ് ജയിച്ചത്.