കോഴിക്കോട് : കാട്ടുപോത്ത് ആക്രമണത്തില്‍ മന്ത്രിയുടെ പ്രതികരണത്തിനെതിരെ കെസിബിസി. സാധാരണ ജനങ്ങളുടെ വികാരമാണ് കെസിബിസി പ്രകടിപ്പിച്ചതെന്ന് വക്താവ് ഫാദര്‍ ജേക്കബ് പാലക്കാപ്പള്ളി പറഞ്ഞു. ഇത് സര്‍ക്കാരിനോടുള്ള വെല്ലുവിളിയല്ല. പ്രതികരണം പ്രകോപനപരമെന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും ഫാദര്‍ പാലക്കാപ്പള്ളി പറഞ്ഞു.
കെസിബിസി പ്രതികരിച്ചത് മാന്യമായാണ്. പ്രതികരിക്കുന്നതും പ്രതിഷേധിക്കുന്നതും തെറ്റായി മാറിയോ?. അതിനുള്ള അവകാശവും ഇല്ലാത്ത നാടിയി മാറിയോ എന്ന് കെസിബിസി വക്താവ് ചോദിച്ചു. എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേരാണ് മരിച്ചത്. ഒരാള്‍ കൃഷിടിത്തില്‍ വെച്ചും മറ്റൊരാള്‍ വീട്ടില്‍ പത്രം വായിച്ചു കൊണ്ടിരിക്കെയുമാണ് ഒരു കാട്ടുമൃഗത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
ഇത്തരം സാഹചര്യത്തില്‍ പ്രതികരണം വൈകാരികമാകുന്നത് സ്വാഭാവികമാണ്. സംഭവത്തില്‍ ക്രൈസ്തവമതമേലധ്യക്ഷന്മാര്‍ പ്രതികരിച്ചത് സര്‍ക്കാരിനോടുള്ള വെല്ലുവിളിയല്ല, സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കേണ്ട സര്‍ക്കാര്‍ അതില്‍ അലംഭാവം കാണിക്കുന്നുണ്ടുവെങ്കില്‍ അതു തിരുത്തപ്പെടേണ്ടതാണ് എന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. അതിനെ പ്രകോപനം എന്നു പറഞ്ഞ് ആക്ഷേപിക്കരുതെന്ന് ഫാദര്‍ ജേക്കബ് പാലക്കാപ്പള്ളി പറഞ്ഞു.