പറവൂർ: വടക്കൻ പറവൂരിലെ തട്ടുകടവ് പുഴയിൽ കാണാതായ മൂന്നു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. ബന്ധുക്കളായ അഭിനവ് (13), ശ്രീവേദ (10), ശ്രീരാഗ് (13) എന്നിവരാണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തിയതായിരുന്നു.
ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് കുട്ടികൾ ഇവിടെ കുളിക്കാനെത്തിയത്. നീന്തലറിയാവുന്ന ഇവർ ഇവിടെ ഏറെ നേരം നീന്തികളിച്ചിരുന്നു. തട്ടുകടവ് പാലത്തിന് താഴെയായതിനാൽ സാധാരണ ആരും ഇവിടെ ഉണ്ടാവാറില്ല. അതിനാൽ അപകടമുണ്ടായതും കുട്ടികൾ മുങ്ങി പോയതും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.
ഇവർ വന്ന ഒരു സൈക്കിളും ഇവരുടെ ചെരുപ്പുകളും വസ്ത്രങ്ങളും പുഴക്കരയിൽ ഉണ്ടായിരുന്നു. ആഴമേറിയ പുഴയ്ക്ക് നാലാൾ താഴ്ചയെങ്കിലുമുണ്ടാകും. ഒഴുക്കും കൂടുതലാണ്. ഉപ്പുള്ള മലിനജലമായതിനാൽ പലരും ഇവിടെ കുളിക്കാറില്ല.
നാട്ടുകാരും അഗ്നിശമനസേനയുമാണ് തെരച്ചിൽ നടത്തിയത്. ശ്രീവേദയുടെ മൃതദേഹം ശനിയാഴ്ച വൈകിട്ട് കണ്ടെത്തിയിരുന്നു. അഭിനവിന്റെയും ശ്രീരാഗിന്റെയും മൃതദേഹം ഇന്ന് പുലർച്ചയോടെയാണ് കണ്ടെത്തിയത്.