ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പാക്കിസ്ഥാൻ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി . ഇതോടെ ഇമ്രാന് രാജ്യം വിടുന്നതിൽനിന്നു വിലക്ക് വന്നു. ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിയെയും പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ 80 നേതാക്കളെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാമ ന്യൂസ് ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇമ്രാൻ ഖാനെയും ബുഷ്റയെയും കൂടാതെ പിടിഐ നേതാക്കളായ മുറാദ് സയീദ്, മലീക ബുഖാരി, ഫവാദ് ചൗധരി, ഹമ്മദ് അസ്ഹർ, ഖാസിം സൂരി, അസദ് ഖൈസർ, യാസ്മിൻ റാഷിദ്, മിയാൻ അസ്ലാം എന്നിവരും നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെട്ടവരും വിദേശയാത്ര വിലക്കപ്പെട്ടവരുമാണെന്ന് ചാനൽ അറിയിച്ചു.
പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയെ നിരോധിക്കാൻ സർക്കാർ ആലോചിക്കുന്നതായി പ്രതിരോധ മന്ത്രി ഖാജ ആസിഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനു പിന്നാലെയാണ് പുതിയ നടപടി. അഴിമതി കേസിൽ മേയ് ഒൻപതിന് ഇമ്രാൻ ഖാൻ അറസ്റ്റിലായതിനുശേഷമുള്ള അക്രമത്തെ തുടർന്ന് ഖാനും പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ നിരവധി ഉന്നത നേതാക്കും കേസിൽ ഉൾപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി.