ദില്ലി : ഓർഡിനൻസ് വിവാദവും പ്രതിപക്ഷ ഐക്യത്തിന് ഊർജമാകുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അരവിന്ദ് കെജ്രിവാളിനെ കണ്ട് പിന്തുണയറിയിച്ചു.വിഷയത്തിൽ കെജ്രിവാളിനൊപ്പമാണെന്ന് നിതീഷ് കുമാർ കൂടികാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. ദില്ലി സർക്കാറിന്‍റെ അധികാരം കവരുന്ന ബിൽ രാജ്യസഭ കടന്നില്ലെങ്കിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ വീഴുമെന്ന സന്ദേശം രാജ്യത്തെ ജനങ്ങളിലെത്തുമെന്ന് കെജരിവാള്‍ പറഞ്ഞു.
രാവിലെ ദില്ലി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു നിതീഷ് കുമാറിന്‍റെ കൂടികാഴ്ച. ഉപമുഖ്യമന്ത്രി തേജസ്വി യാദവും ഒപ്പമുണ്ടായിരുന്നു. കേന്ദ്രത്തിന്‍റെ നടപടി വിചിത്രമാണ്, ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറുകളുടെ അധികാരങ്ങളിൽ കൈകടത്താൻ കേന്ദ്രത്തിന് എന്ത് അധികാരമെന്നും, വിഷയത്തിൽ കെജ്രിവാളിനൊപ്പമാണെന്നും കൂടികാഴ്ചയ്ക്ക് ശേഷം നിതീഷ് കുമാർ പറഞ്ഞു.