വാട്സ്ആപ്പ് ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ “ചാറ്റ് ലോക്ക്” ഫീച്ചർ. ഫീച്ചർ നിലവിൽ iOS, Android എന്നിവയിലെ ഉപയോക്താക്കൾക്കാണ് ലഭ്യമാകുക. ഈ ഫീച്ചർ ഉപയോക്താക്കളെ അവരുടെ സന്ദേശങ്ങൾ കൂടുതൽ സ്വകാര്യമായി സൂക്ഷിക്കാൻ സഹായിക്കും. വാട്സ്ആപ്പ് സന്ദേശങ്ങൾക്ക് സുരക്ഷിതത്വം നൽകാൻ ആപ്പ് നേരത്തെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവതരിപ്പിച്ചിരുന്നു. എന്നാൽ, പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് മറ്റുള്ളവരിൽ നിന്ന് ഹൈഡ് ചെയ്ത് വെക്കാൻ ആഗ്രഹിക്കുന്ന സംഭാഷണങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കും.
പാസ്‌വേർഡോ നിങ്ങളുടെ വിരലടയാളവും മുഖവും പോലുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് ഈ സംഭാഷണങ്ങൾ ലോക്ക് ചെയ്യാം. തിങ്കളാഴ്ച ഒരു ബ്ലോഗ് പോസ്റ്റിലാണ് വാട്സ്ആപ്പ് ഈ ഫീച്ചർ പ്രഖ്യാപിച്ചത്. ഈ ഫീച്ചറിലൂടെ ലോക്ക് ചെയ്ത ചാറ്റ് ത്രെഡുകളെ മറ്റൊരു ഫോൾഡറിലേക്ക് മാറ്റുമെന്ന് മെറ്റാ അവകാശപ്പെടുന്നു.
ഈ ചാറ്റുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകളോ അയച്ചയാളുടെ പേരോ സന്ദേശ പ്രിവ്യൂവോ ഒന്നും തന്നെ കാണിക്കില്ല. കൂടാതെ, ഈ ചാറ്റുകളിൽ പങ്കിടുന്ന മീഡിയ ഫയലുകളൊന്നും ഫോൺ ഗാലറിയിൽ സ്വയമേ പ്രത്യക്ഷപെടില്ല. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷനിലാണ് ഈ പതിപ്പ് ലഭിക്കുന്നത്. Android പതിപ്പ് 2.23.10.71 അല്ലെങ്കിൽ iOS പതിപ്പ് 2.23.9.77-ൽ ഈ ഫീച്ചർ ലഭ്യമാണ്. ലോക്ക് ചെയ്‌ത ഫോൾഡറിലേക്ക് ഏത് സംഭാഷണവും നീക്കാൻ, ത്രെഡിൽ ടാപ്പുചെയ്‌ത് ചാറ്റ് ലോക്കിൽ ക്ലിക്കുചെയ്താൽ മതി.