‘കക്ക പുനുരുജ്ജീവന’ പദ്ധതി വിജയം കണ്ടു, വേമ്പനാട്ടുകായലിൽ കറുത്തകക്ക വർധന

ആലപ്പുഴ  : വേമ്പനാട്ടുകായലിൽ കറുത്തകക്ക വർധന. കായലിൽ കക്കയുടെ ലഭ്യത കുറഞ്ഞ പശ്ചാത്തലത്തിൽ, കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിച്ച് നടത്തിയ ‘കക്ക പുനുരുജ്ജീവന’ പദ്ധതിയിലൂടെ ഉൽപാദനം വർധിച്ചതായി കണ്ടെത്തി. നിലവിൽ 1,17, 333 ടൺ കറുത്തകക്കയുണ്ടെന്നാണ്‌ കണക്കുകൾ. 2019വരെ പ്രതിവർഷം ശരാശരി 35,005 ടൺ കക്ക ലഭിച്ചിരുന്നു. നിലവിൽ ശരാശരി 49.426 ടൺ ലഭിക്കുന്നുണ്ട്‌.

വിളവെടുപ്പ് തുടങ്ങിയതോടെ ശരാശരി 10 ടൺ കക്കയാണ് മത്സ്യത്തൊഴിലാളികൾ പ്രതിദിനം ഈ പ്രദേശങ്ങളിൽനിന്ന് ശേഖരിക്കുന്നത്. ഏകദേശം 1500 ടൺ കക്ക ഉൽപാദനമാണ് കുഞ്ഞുങ്ങളെ നിക്ഷേപിച്ച ഭാഗങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നതെന്ന് സിഎംഎഫ്ആർഐ പത്രക്കുറിപ്പിൽ അറിയിച്ചു. ഇത്, നിക്ഷേപിച്ച കുഞ്ഞുങ്ങളുടെ ഏഴിലധികം മടങ്ങ് വരും.ജില്ലാപഞ്ചായത്തിന് കീഴിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന കക്ക പുനരുജ്ജീവന പദ്ധതിക്ക് ശാസ്ത്ര-സാങ്കേതിക മേൽനോട്ടം വഹിച്ചത് സിഎംഎഫ്ആർഐയാണ്. കായലിൽ തണ്ണീർമുക്കം ബണ്ടിന് വടക്ക് ഭാഗത്ത് കീച്ചേരി, ചക്കത്തുകാട് എന്നീ പ്രദേശങ്ങളിലായി 20 ഹെക്ടറോളം ഭാഗത്ത് 2019ൽ 200 ടൺ കക്കക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഏകദേശം രണ്ടു വർഷത്തെ കാലയളവിനുള്ളിൽ ഈ ഭാഗങ്ങളിൽ കക്കയുടെ ഉൽപാദനം വർധിച്ചതായി കണ്ടെത്തി.

വേമ്പനാട് കായലിൽ നിന്നുള്ള കക്ക ലഭ്യത മുൻകാലങ്ങളിൽ 75,000 ടണ്ണിന് മുകളിലുണ്ടായിരുന്നത് 2019ൽ 35,005 ടണ്ണായി കുറഞ്ഞിരുന്നു. എന്നാൽ, ഈ പദ്ധതിയിലൂടെ കക്കയുടെ ഉൽപാദനം ഒരു പരിധിവരെയെങ്കിലും വർധിപ്പിക്കാനായി. അയ്യായിരത്തോളം പേരാണ് വേമ്പനാട് കായലിൽ നിന്നും കക്കവാരി ഉപജീവനം നടത്തുന്നത്. 6000 പ്രാദേശിക മത്സ്യബന്ധന തൊഴിലാളികളും 13 സൊസൈറ്റികളും വാണിജ്യാടിസ്ഥാനത്തിൽ കക്ക വിളവെടുക്കുന്നുണ്ട്‌. അടിത്തട്ടിൽനിന്ന്‌ വാരുന്ന വെള്ളകക്കയുടെയും ജീവനുള്ള കക്കയുടെയും തോടുകൾക്കാണ്‌ വലിയ വിപണിമൂല്യം. വെള്ളയ്‌ക്ക്‌  പ്രതിവർഷം 80,403 ടണ്ണിന്റെയും കറുത്തതിന്‌ 30,113 ടണ്ണിന്റെയും വിപണിയുണ്ട്‌. ലവണാംശത്തോടുള്ള കക്കയുടെ പ്രതിരോധശേഷി 0 മുതൽ 30 പിപിടി വരെയാണ്‌. മെയ്‌ –ജൂൺ മാസങ്ങളിലാണ്‌ കറുത്തകക്കയുടെ പ്രത്യുൽപ്പാദനം. രണ്ടാംഘട്ടം ഡിസംബർ –ഫെബ്രുവരി മാസങ്ങളിലാണ്‌. 

സാധാരണ മീറ്റർ സ്‌ക്വയറിൽ 13,155 ആണ്‌ കായലിലെ കറുത്തകക്കയുടെ സംഖ്യാസാന്ദ്രത. മൺസൂണിൽ 50, 0000 ത്തിന്‌ മുകളിൽ രേഖപ്പെടുത്തിയ പ്രദേശങ്ങളുമുണ്ട്‌.   മുഹമ്മ തെക്ക്‌ രണ്ടുകേന്ദ്രങ്ങളിൽ 3,79,706 ഉം 1, 84,485 രേഖപ്പെടുത്തിയിട്ടുണ്ട്‌. ഫെബ്രുവരി മുതൽ മെയ്‌ വരെ പ്രീ മൺസൂൺ കാലത്ത്‌ വൈക്കത്തിന്റെ തെക്ക്‌ ഭാഗം (1,68, 430), ചിത്രപ്പുഴയുടെ മുഖഭാഗം (43,880) എന്നിവിടങ്ങളിൽ ഉയർന്ന സംഖ്യാസാന്ദ്രത രേഖപ്പെടുത്തി. കറുത്ത കക്ക ഇറച്ചിക്ക്‌ രുചിയേറും. കറുത്തകക്ക കുമ്മായത്തിനും ന്യൂസ് പ്രിന്റ്‌ ഫാക്ടറികളിൽ കടലാസ് നിർമാണത്തിനും ഉപയോഗിക്കുന്നു. കാർബൈഡ് ഫാക്ടറികളിലെ പ്രധാന അസംസ്കൃത വസ്തുവുമാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *