ന്യൂഡൽഹി: 164 പേരുടെ മരണത്തിനിടയാക്കിയ 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിലൊരാളായ ഹാഫിസ് അബ്ദുൾ സലാം ഭട്ടാവി(78) പാക്കിസ്ഥാനിലെ ജയിലിൽ വച്ച് മരിച്ചു. ലഷ്കർ ഇ തൊയ്ബയുടെ ഉന്നത നേതാവായ ഭട്ടാവി പാക് പഞ്ചാബ് പ്രവിശ്യയിലെ ഒരു ജയിലിൽ വച്ച് തിങ്കളാഴ്ച രാത്രിയോടെ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭട്ടാവിയുടെ മരണം പാക്കിസ്ഥാനിലെ വിവിധ ഭീകരസംഘടനകൾ സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഹൃദയാഘാതം മൂലമാണ് ഭട്ടാവി മരിച്ചതെന്നാണ് സൂചന. ഭട്ടാവിയുടെ സംസ്കാരച്ചടങ്ങിന്റേതെന്ന പേരിലുള്ള വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.2008-ലെ മുംബൈ ഭീകരാക്രമണത്തിനായി എൽഇടി സംഘത്തെ തെരഞ്ഞെടുത്തതും പ്രാഥമിക പരിശീലനം നൽകിയതും ഭട്ടാവിയാണെന്ന് നേരത്തെ വ്യക്തമായിരുന്നു. ആക്രമണത്തിനുള്ള ധനസഹായം ഒരുക്കിയതും ഇയാളാണ്. യുഎൻ സുരക്ഷാസമിതി 2012-ൽ ആഗോളഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഭട്ടാവി 2020 ഓഗസ്റ്റ് മുതൽ ജയിലിലാണ്. അമേരിക്കൻ ഉപരോധ ഭീഷണിയെത്തുടർന്നാണ് ഭീകരസംഘങ്ങൾക്ക് പണം എത്തിച്ചുകൊടുത്തെന്ന കുറ്റത്തിന് ഭട്ടാവിക്ക് പാക് കോടതി 16 വർഷം തടവുശിക്ഷ വിധിച്ചത്.