മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടി സൂര്യകുമാർ യാദവ് നിറഞ്ഞാടിയ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് ആറ് വിക്കറ്റിന്റെ ജയം. ആർസിബി ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം 21 പന്തുകൾ ബാക്കി നിൽക്കെ മുംബൈ മറികടന്നു.
സ്കോർ: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 199/6(20) മുംബൈ ഇന്ത്യൻസ് 200/4(16.3)
വെറും 35 പന്തിൽ ഏഴ് സിക്സറും ആറ് ഫോറുകളും പായിച്ച് 83 റൺസ് നേടിയ സ്കൈ ആണ് കളിയിലെ കേമൻ . ചേസിനിറങ്ങിയ ടീമിനെ പതിവ് പോലെ നിരാശയിലാക്കി നായകൻ രോഹിത് ശർമ(7) മടങ്ങിയെങ്കിലും ഇഷാൻ കിഷനൊപ്പം(21 പന്തിൽ 42) ചേർന്ന് സ്കൈ സ്കോർ ഉയർത്തി. പിന്നാലെയെത്തിയ നേഹൽ വധേര(34 പന്തിൽ 52) – സ്കൈ സഖ്യം ടീമിനായി 140 റൺസ് കൂട്ടിച്ചേർത്തു.53 റൺസിന്റെ ഭാരമുള്ള രണ്ട് വിക്കറ്റുകൾ വനിന്ദു ഹസരങ്ക സ്വന്തമാക്കിയപ്പോൾ വി. വൈശാഖ് മൂന്ന് ഓവറിൽ 37 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.
നേരത്തെ, ഫാഫ് ഡുപ്ലെസി(65), ഗ്ലെൻ മാക്സ്വെൽ(68) എന്നിവരാണ് ആർസിബിയെ മികച്ച സ്കോറിലെത്തിച്ചത്. വിരാട് കോഹ്ലി(1), അനൂജ് റാവത്ത്(6) എന്നിവർ വേഗം മടങ്ങിയതിന് ശേഷം ആർസിബിയുടെ വിദേശി വെടിക്കെട്ട് സഖ്യം 120 റൺസ് സ്കോർബോർഡിൽ ചേർത്തു. 18 പന്തിൽ 30* റൺസ് നേടിയ ദിനേഷ് കാർത്തിക് ടീം സ്കോർ 200-ന് അടുത്തെത്തിച്ചു. നാലോവറിൽ 36 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ജേസൺ ബെറൻഡോഫ് ആണ് മുംബൈ നിരയിലെ മികച്ച ബൗളർ. ജയത്തോടെ 12 പോയിന്റുമായി മുംബൈ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 10 പോയിന്റുള്ള ആർസിബി ലീഗിൽ ഏഴാം സ്ഥാനത്താണ്.