കൊച്ചി : രൂപമാറ്റം വരുത്തിയ സൈലൻസറുമായി മഡ് റേസ് ബൈക്ക് മോട്ടോർവാഹനവകുപ്പ് പിടികൂടി. വൈറ്റില ജങ്‌ഷനിൽ വലിയ ശബ്ദമുണ്ടാക്കി പാഞ്ഞ റേസിങ് ബൈക്ക് യാത്രികനെതിരെ നടപടിയുമെടുത്തു. 11,500 രൂപ പിഴയീടാക്കിയതായി മോട്ടോർവാഹനവകുപ്പ് അറിയിച്ചു. വ്യാഴം പകൽ 3.30 ഓടെയായിരുന്നു സംഭവം. വൈക്കം സ്വദേശിക്കാണ് പിഴയടക്കേണ്ടിവന്നത്.
മറ്റു യാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ രൂപമാറ്റം വരുത്തിയ സൈലൻസറാണ് ബൈക്കിലുണ്ടായിരുന്നത്. മുന്നിലും പിന്നിലും നമ്പർപ്ലേറ്റില്ലായിരുന്നു. മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച ബൈക്ക് യാത്രികനെ എംവിഐ എ ആർ രാജേഷിന്റെ നേതൃത്വത്തിൽ സി സി ഷീബ, സി പി ശ്രീജിത് എന്നീ ഉദ്യോഗസ്ഥർ ചേർന്നാണ് പിടികൂടിയത്. നമ്പർപ്ലേറ്റ് ഇല്ലാത്ത ബൈക്കുകൾ മാലപൊട്ടിക്കാനും മറ്റും ഉപയോഗിക്കുന്നതായി പരാതികൾ ഉയരുന്നസാഹചര്യത്തിൽ പരിശോധന ശക്തമാക്കുമെന്ന് ആർടിഒ അറിയിച്ചു.