മലപ്പുറം: മൊയിന്‍ കുട്ടി വൈദ്യര് സ്മാരക സമിതി മുന്‍ സെക്രട്ടറിയും സാംസ്കാരിക പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ട് തൂങ്ങി മരിച്ചനിലയില്‍. പരാതികളും രേഖകളും സഞ്ചിയിലാക്കി കഴുത്തില്‍ തൂക്കിയ ശേഷമാണ് റസാഖ് പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. റസാഖിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്.
സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റുമായി റസാക്ക് തര്‍ക്കത്തില്‍ ആയിരുന്നു. വിഷയം പരിഹരിക്കാന്‍ ഇദ്ദേഹം നിരവധി തവണ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ അനുകൂലമായി പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നില്ല. റസാഖിന്റെ സഹോദരന് ശ്വാസകോശരോഗം വന്ന് ഏതാനും മാസം മുന്‍പാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിലെ പുക ശ്വസിച്ചാണ് സഹോദരന് മരിച്ചത് എന്ന് റസാഖ് പയമ്പ്രോട്ട് ആരോപിച്ചിരുന്നു. ഗ്രാമപഞ്ചായത്തുമായുള്ള തർക്കമാണ് തൂങ്ങിമരണത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി.