ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി തന്നെ നിര്‍വഹിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തിന്റെ അടയാളമാണ് പുതിയ മന്ദിരമെന്ന് അമിത് ഷാ പറഞ്ഞു.
മന്ദിരത്തിന്റെ പണി തീര്‍ത്തത് റെക്കോര്‍ഡ് വേഗത്തിലാണ്. അറുപതിനായിരത്തോളം ആളുകളാണ് നിര്‍മാണത്തില്‍ പങ്കാളികളായത്. ഇവരെ പ്രധാനമന്ത്രി ഉദ്ഘാടനദിവസം ആദരിക്കും. ഉദ്ഘാടനത്തിന് എല്ലാ കക്ഷികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിശാലകാഴ്ചപ്പാടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. നമ്മുടെ സംസ്കാരവുമായി ഇഴചേര്‍ന്നതാണ് മന്ദിരമെന്നും അമിത് ഷാ പറഞ്ഞു. ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള തീരുമാനം പ്രതിപക്ഷം പുനഃപരിശോധിക്കണമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി ആവശ്യപ്പെട്ടു.
ഇന്ത്യ നിര്‍മിച്ച മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോള്‍ രാജ്യത്തിന്റെ പരാമാധികാരം വീണ്ടെടുക്കുക കൂടിയാണ് ചെയ്യുന്നത്. ഇതിന്റെ പ്രതീകമായി ഇന്ത്യയുടെ പരമാധികാരം ഉറപ്പിക്കാനുള്ള ചിഹ്നങ്ങള്‍ പാര്‍ലമെന്റില്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.പ്രധാനമന്ത്രി ഉദ്ഘാടനദിവസം ചോള സാമ്രാജ്യത്തിന്റെ പ്രതീകമായ ചെങ്കോല്‍ സ്വീകരിക്കും. ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു ലോര്‍ഡ് മൗണ്ട് ബാറ്റനില്നിന്ന് ചെങ്കോല്‍ സ്വീകരിച്ചുകൊണ്ടാണ് അധികാരം ഏറ്റെടുത്തത്.
ഇതേ ചെങ്കോൽ പുതിയ മന്ദിരത്തില്‍വച്ച് മോദി സ്വീകരിക്കും. പിന്നീട് ലോക്സഭയില്‍ സ്പീക്കറുടെ ചെയറിനടുത്ത് ഈ ചെങ്കോല്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുക.
അതേസമയം ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ്, ആംആദ്മി അടക്കമുള്ള 19 പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്കരിക്കും.രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കുന്നത്.