തിരുവനന്തപുരം: ‘മോഖ’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന അതി തീവ്രചുഴലിക്കാറ്റ് മധ്യ -കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി, മിന്നൽ, കാറ്റ് എന്നിവയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
മേയ് 14 ഓടെ ശക്തി കുറയുന്ന “മോഖ” ചുഴലിക്കാറ്റ് അന്നേ ദിവസം ഉച്ചയോടെ ബംഗ്ലാദേശിനും മ്യാൻമറിനും ഇടയിൽ മണിക്കൂറിൽ പരമാവധി 175 കി.മീ. വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ കിട്ടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.