തിരുവനന്തപുരം: മലയാളി യുവത ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി മാറുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ടൂറിസം ക്ലബിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അവധിക്കുശേഷം കോളജുകൾ വീണ്ടും തുറക്കാൻ പോകുന്ന സാഹചര്യത്തിൽ കൂടുതൽ ടൂറിസം ക്ലബ്ലുകൾ രൂപീകരിക്കാനും പ്രവർത്തിപ്പിക്കാനും കഴിയണമെന്നും മന്ത്രി പറഞ്ഞു.
ടൂറിസം മേഖലയിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്താനാണ് ടൂറിസം ക്ലബ് രൂപീകരിക്കുന്നത്. വിദ്യാർഥികളുടെ ആശയപരമായ സംഭാവനകളും കർമ്മശേഷിയും ടൂറിസം വികസനത്തിൽ ഉൾപ്പെടുത്തി ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം വിലയിരുത്തി പ്രവർത്തിക്കുക, ടൂറിസം മേഖലകളിൽ യുവത്വത്തെ ഇടപെടാൻ അവസരം നൽകി കേരള ടൂറിസത്തിന് ഉണർവ് സൃഷ്ടിക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ടൂറിസം ക്ലബ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾ എല്ലാം ശ്രദ്ധേയമായി മാറിയിരുന്നു.
ടൂറിസം കേന്ദ്രത്തിന്റെ പരിപാലനത്തിന്റെ ഭാഗമായി ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ നടത്തിയ പ്രവർത്തനങ്ങൾ ഇതിന് ഉദാഹരണമാണ്. മനോഹരമായ ചുവർ ചിത്രങ്ങൾ വരച്ചും, കേടുപാടുകൾ സംഭവിച്ച വൈദ്യുതി വിളക്കുകൾ അറ്റകുറ്റപണികൾ നടത്തി വൈദ്യുതീകരിച്ചും, വില്ലേജിന്റെ മുഖം തന്നെ മാറ്റിയ മാതൃകയായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.