പാരിസ് : ലോക കായീക രംഗത്തെ ഏറ്റവും മഹോന്നത പുരസ്കാരമായ ലോറസ് അവാർഡ് ഒരിക്കൽ കൂടി ലയണൽ മെസിക്ക്. ഖത്തർ ലോകകപ്പിൽ ഗോൾഡൻ ബാൾ നേടി ലോക കിരീടത്തിനായുള്ള അർജന്റീനയുടെ 36 വർഷത്തെ കാത്തരിപ്പ് അവസാനിപ്പിച്ച പ്രകടനമാണ് മെസിക്ക് നേട്ടമായത്. 2020ൽ ഫോർമുല വൺ താരം ലൂയിസ് ഹാമിൽട്ടണിനൊപ്പം ഈ മുപ്പത്തഞ്ചുകാരൻ ലോറസ് പുരസ്കാരം പങ്കിട്ടിരുന്നു.
ജമൈക്കൻ സ്പ്രിന്ററും ലോക ചാമ്പ്യനുമായ ഷെല്ലി ആൻഫ്രേസറാണ് മികച്ച വനിതാ കായികതാരം. സ്പെയ്നിന്റെ കൗമാര ടെന്നീസ് താരം കാർലോസ് അൽകാരെസിന് ‘ബ്രേക്ത്രൂ ഓഫ് ദി ഇയർ’ പുരസ്കാരം ലഭിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കളംവിട്ട ശേഷം ശക്തമായി മടങ്ങിയെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡാനിഷ് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൺ മികച്ച കായിക തിരിച്ചുവരവിനുള്ള പുരസ്കാരം സ്വന്തമാക്കി. കാതറിൻ ഡെബ്റണ്ണർ മികച്ച പാരാ അത്ലിറ്റായി തെരഞ്ഞെടുക്കപ്പെട്ടു.മികച്ച ടീം അർജന്റീനയാണ്. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചായിരുന്നു അർജന്റീനയുടെ കിരീടധാരണം .