ലയണല്‍ മെസ്സിയും സൗദി ലീഗിലേക്ക് , അൽ ഹിലാലുമായി കരാറിലെത്തിയെന്ന് റിപ്പോർട്

റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും സൗദി ലീഗിലേക്കെന്ന് റിപ്പോര്‍ട്ട്. മെസ്സി സൗദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാലുമായി കരാറിലെത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്ലബ്ബോ താരമോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അടുത്തിടെ ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് യാത്രചെയ്തതിന് മെസ്സിയെ അദ്ദേഹത്തിന്റെ നിലവിലെ ക്ലബ്ബായ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നാലെ ഈ വിഷയത്തില്‍ ക്ലബ്ബിനോടും താരങ്ങളോടും ഖേദം പ്രകടിപ്പിച്ച മെസ്സി, ആറ് ദിവസങ്ങള്‍ക്ക് ശേഷം പരിശീലന സെഷനില്‍ മടങ്ങിയെത്തുകയും ചെയ്തു. എങ്കിലും ഈ സംഭവം താരവും ക്ലബ്ബും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വര്‍ഷം ജൂണ്‍ വരെയാണ് മെസ്സിക്ക് പിഎസ്ജിയുമായി കരാറുള്ളത്.

സീസണിനൊടുവില്‍ മെസ്സി പിഎസ്ജി വിടുമെന്ന് ഉറപ്പായതോടെ താരത്തിന് റെക്കോഡ് പ്രതിഫലം വാഗ്ദാനം ചെയ്ത് സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. 3270 കോടി രൂപ വാര്‍ഷികപ്രതിഫല വാഗ്ദാനമാണ് ക്ലബ്ബ് നല്‍കിയത്. കരാര്‍ നടന്നാല്‍ ഫുട്ബോള്‍ചരിത്രത്തില്‍ പുതിയ റെക്കോഡ് പിറക്കും. ഇതിന്റെ പകുതി തുകയ്ക്ക് പോര്‍ച്ചുഗല്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൗദി ക്ലബ്ബ് അല്‍ നസ്ര്‍ സ്വന്തമാക്കിയതാണ് നിലവിലെ റെക്കോഡ്.

മെസ്സി ഫ്രഞ്ച് ക്ലബ്ബില്‍ അടുത്ത സീസണില്‍ തുടരില്ലെന്ന് പിതാവും ഏജന്റുമായ യോര്‍ഗെ വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് അല്‍ ഹിലാല്‍ ക്ലബ്ബ് രംഗത്തുവന്നത്. സൗദി ഭരണകൂടത്തിന്റെ പിന്തുണയും നീക്കത്തിനുപിന്നിലുണ്ട്. സൗദിയുടെ ടൂറിസം അംബാസഡറാണ് മെസ്സി. ഈ നിലയിലാണ് താരം അടുത്തിടെ സൗദി സന്ദര്‍ശിച്ചത്. സൗദി ലീഗില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്ര്‍ ക്ലബ്ബിന്റെ ചിരവൈരികളാണ് അല്‍ ഹിലാല്‍.

ഈ സീസണോടെ മെസ്സി പിഎസ്ജി വിടുമെന്നും മെസ്സിയുമായി കരാര്‍ പുതുക്കാന്‍ ക്ലബ്ബിന് പദ്ധതിയില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ കഴിഞ്ഞ ദിവസം പിഎസ്ജി മെസ്സിയുമായുള്ള കരാര്‍ പുതുക്കാന്‍ തീരുമാനിച്ചതായി ബ്രിട്ടീഷ് മാധ്യമമായ ദ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മെസ്സിക്കായി മികച്ച ഓഫര്‍ തന്നെയാണ് ക്ലബ്ബ് മുന്നോട്ടുവെയ്ക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *